| Thursday, 26th July 2018, 3:37 pm

മുത്തലാഖ് ഇരയ്‌ക്കെതിരെ ഫത്‌വ: ബറേലിയിലെ ജുമാ മസ്ജിദ് ഇമാമിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബറേലി: മുത്തലാഖ് ഇരയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച ഇമാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ മതവികാരം വൃണപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു കാണിച്ചാണ് ബറേലി ശഹര്‍ ഇമാമിനും മറ്റു രണ്ടു പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സാമൂഹിക പ്രവര്‍ത്തകയും മുത്തലാഖ് ഇരയുമായ നിദാ ഖാന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇമാമിനെതിരെ കേസെടുത്തിരിക്കുന്നത്. നിദയുടെ ഭര്‍ത്താവ് ഷീറാന്‍ റാസാ ഖാന്‍, ശഹര്‍ ഇമാം മുഫ്തി മുഹമ്മദ് ഖുര്‍ഷിദ് ആലം, മുഫ്തി അഫ്‌സല്‍ റിസ്‌വി എന്നിവര്‍ക്കെതിരെയാണ് ബറാദാരി പൊലീസ് കേസെടുത്തത്.

മതപരമായ വിശ്വാസങ്ങളെ അപമാനിച്ചുകൊണ്ട് ബോധപൂര്‍വം നടത്തുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട സെക്ഷനുകള്‍ക്കു കീഴിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബറാദാരി പൊലീസ് പറയുന്നു.


Also Read: പാകിസ്ഥാന്‍ ഇനി യുദ്ധപ്രഖ്യാപനം നടത്തുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; തെരഞ്ഞെടുപ്പു ഫലം നയതന്ത്ര ബന്ധങ്ങളെ സ്വാധീനിച്ചേക്കില്ലെന്ന് തരൂര്‍


ഇസ്‌ലാമിനും ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കുമെതിരെ സംസാരിച്ചുവെന്നാരോപിച്ചാണ് നിദയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിക്കുന്നതായി ജൂലായ് 16നു നടന്ന പത്ര സമ്മേളനത്തില്‍ ബറേലി ജുമാ മസ്ജിദ് ഇമാം പ്രഖ്യാപിച്ചത്. “മതവിശ്വാസങ്ങള്‍ക്കെതിരെ നിരന്തരം സംസാരിക്കുന്ന നിദാ ഖാനെ ഇസ്‌ലാമില്‍ നിന്നും പുറത്താക്കുകയാണ്. ഇവര്‍ക്കെതിരെ ഫത്‌വ പുറത്തിറക്കുകയാണ്” എന്നാണ് ആലം അന്നു പറഞ്ഞിരുന്നത്.

അലാ ഹസ്രത് സഹായ സമിതിയുടെ അധ്യക്ഷ കൂടിയായ നിദയുടെ സുരക്ഷാക്രമീകരണങ്ങള്‍ ഫത്‌വയ്ക്കു ശേഷം കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ജില്ലയിലെ നിക്കാഹ് ഹലാലാ ഇരയ്ക്കു വേണ്ടി നിദ ശബ്ദിച്ചതും ഇമാമിനെ പ്രകോപിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more