| Wednesday, 21st August 2024, 12:57 pm

മുസ്‌ലിങ്ങള്‍ക്ക് വീടുവിറ്റതില്‍ പ്രതിഷേധം; കൂട്ടപ്പലായനം ചെയ്യുമെന്ന ഭീഷണിയുമായി ബറേലിയിലെ തീവ്ര ഹിന്ദുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഹിന്ദുമതവിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി താമസിക്കുന്ന വക്കീലോണ്‍ വാലിഗലിയില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട സ്ത്രീ വീട് വാങ്ങിയതില്‍ പ്രതിഷേധം.

പ്രദേശത്തെ മുന്‍ താമസക്കാരനായ വിശാല്‍ സക്സേനയാണ് തന്റെ വീട് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഷബ്നമെന്ന സ്ത്രീയ്ക്ക് വിറ്റത്. ഇതിന് പിന്നലെയാണ് പ്രതിഷേധം ഉയര്‍ന്നത്.

നഗരത്തിലെ നിരവധി അഭിഭാഷകര്‍ താമസിക്കുന്ന പ്രദേശമാണ് വക്കിലോണ്‍ വാലി. വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തീവ്രഹിന്ദുക്കള്‍ പ്രതിഷേധിച്ചത്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂട്ട പലായനം ചെയ്യുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, പ്രദേശവാസികള്‍ അവരുടെ വീടുകളുടെ വാതിലുകള്‍ക്ക് മുകളില്‍ ‘സാമൂഹിക് പാലായന്‍’ (‘കൂട്ട പലായനം’) എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചിട്ടുമുണ്ട്.

പ്രദേശത്തെ ഒരു പള്ളി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അസം സ്വദേശിയായ മൗലാനയ്ക്ക് വസ്തുവില്‍പ്പനയില്‍ പങ്കുണ്ടെന്നും അതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നുമാണ് ബറേലിയിലെ ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ പ്രാദേശിക മാധ്യമങ്ങളോട് സംഭവത്തെ ന്യായീകരിച്ചുകൊണ്ട് പ്രതികരിച്ചത്.

‘ബംഗ്ലാദേശികളേയും ആസാമികളേയും മുന്നോട്ടുകൊണ്ടുവരില്ലെന്ന് നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞു. ലൗ ജിഹാദിലേക്കൊക്കെ കാര്യങ്ങള്‍ എത്തിയാല്‍ ആരാണ് അതിന്റെ ഉത്തരവാദികള്‍,’ ശ്രീവാസ്തവ ചോദിച്ചു.

ഒരു ‘മുഹമ്മദീയന്‍’ തങ്ങളുടെ പ്രദേശത്ത് പ്രവേശിച്ചാല്‍, തങ്ങള്‍ക്ക് വീടിന്റെ പുറത്ത് ഇരിക്കാന്‍ പോലും ബുദ്ധിമുട്ടാണ് എന്നാണ് പ്രദേശത്തുള്ള ഒരു സ്ത്രീ പ്രതികരിച്ചതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞങ്ങള്‍ പുലര്‍ച്ചെ 1 മണി വരെ ഇവിടെ ഇരിക്കുന്നത് പതിവാണ്. പക്ഷേ അവര്‍ (മുസ്‌ലീങ്ങള്‍) നിരന്തരം ഈ വഴിയില്‍ കൂടി നടക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നു,’ ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ സാത്വിക ജീവിതം നയിക്കുന്നവരാണ്. എന്നാല്‍ അവര്‍ മാംസം കഴിക്കുന്നവരും, എന്നായിരുന്നു മറ്റൊരു സ്ത്രീയുടെ പ്രതികരണം.

‘ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ ഇവിടെയാണ് താമസിക്കുന്നത്, അവര്‍ ഇവിടെ വരാന്‍ തുടങ്ങിയാല്‍, ഞങ്ങളുടെ കുട്ടികളുടെ ഭാവി താറുമാറാകും,’
ഹിന്ദുക്കളുടെ മതപരമായ ആചാരങ്ങളിലും ഉത്സവങ്ങളിലും ഇടപെടുന്ന സ്വഭാവം അവര്‍ക്കുണ്ട്,’ എന്നായിരുന്നു മറ്റൊരു സ്ത്രീയുടെ പ്രതികരണം.

അതേസമയം ഈ പ്രദേശം വിദ്യാസമ്പന്നരായവര്‍ മാത്രം ജീവിക്കുന്ന ഇടമാണെന്നും ഒരു പൂവില്‍പ്പനക്കാരന്‍ ഇവിടെ താമസക്കാരനായി എത്തിയതിന്റെ പ്രതിഷേധമാണ് പലര്‍ക്കെന്നുമാണ് മനസിലാക്കാന്‍ സാധിച്ചതെന്നും ചില താമസക്കാര്‍ പ്രതികരിച്ചു.

അതേസമയം സമീപത്തെ ദര്‍ഗയില്‍ പൂക്കള്‍ വില്‍ക്കുന്ന ശബ്നത്തിന്റെ സഹോദരന്‍ മുഹമ്മദ് നസീം ബഷീരി, പ്രദേശവാസികള്‍ക്ക് തങ്ങളോടുള്ള എതിര്‍പ്പില്‍ നിരാശയുണ്ടെന്നാണ് പ്രതികരിച്ചത്.

‘ഇത്രയും എതിര്‍പ്പ് അവര്‍ക്കിടയില്‍ ഉണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞില്ല. നേരത്തെ അറിയാമായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ സ്ഥലത്ത് വരില്ലായിരുന്നു. വീട് വാങ്ങിയതില്‍ ഒരു ദുരുദ്ദേശവും ഞങ്ങള്‍ക്കില്ല. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാനാവുമെന്ന് നോക്കുകയാണ്. പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

വീട് തങ്ങള്‍ക്ക് വിറ്റ സക്സേന ചൊവ്വാഴ്ച ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തുകയും വീട് ആവശ്യമുള്ളവര്‍ക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി നസീം ബഷീരി പറഞ്ഞു. പ്രദേശത്ത് നിന്ന് ആരെങ്കിലും വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

2010ലെ ബറേലി കലാപത്തിന്റെ സൂത്രധാരന്‍ താങ്കളാണെന്ന ആരോപണമൊക്കെ പ്രദേശവാസികള്‍ ഉയര്‍ത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് താന്‍ ഒരു തലമുറയിലധികമായി പൂക്കള്‍ വിറ്റ് ജീവിക്കുന്ന ആളാണെന്നും അക്കാര്യം പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നുമായിരുന്നു നസീം ബഷീരി പറഞ്ഞത്.

ഹിന്ദുക്കളായ പലരും എന്റെ കയ്യില്‍ നിന്നാണ് പൂവുകള്‍ വാങ്ങുന്നത്. അവരുടെ ആചാരങ്ങള്‍ക്കായി ആ പൂവുകളാണ് ഉപയോഗിക്കുന്നത്. ഇന്നും പൂക്കള്‍ വാങ്ങാന്‍ ഹിന്ദുക്കളായ പലരും എത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ സക്സേനയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്ന് ദി വയര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Content Highlight: Bareilly, hindu Residents Protest Purchase of House By Muslim Woman, Threaten Mass Exodus

We use cookies to give you the best possible experience. Learn more