മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയ്‌ക്കെതിരെ ബാഴ്‌സയ്ക്ക് മിന്നും ജയം. സ്വന്തം ഗ്രൗണ്ടില്‍ റോമയെ 4-1 നാണ് ബാഴ്‌സ തോല്‍പ്പിച്ചത്. റോമ താരം ഡാനിയേല്‍ ഡി റോസിയും മാനോലാസും വഴങ്ങിയ സെല്‍ഫ് ഗോളുകള്‍ ബാര്‍സയ്ക്ക് 2-0 ലീഡ് നല്‍കി. ജെറാര്‍ദ് പീക്വേ സുവാരസ് ബാര്‍സയ്ക്കായി ഗോള്‍ നേടി. എഡിന്‍ സീക്കോയുടേതാണ് റോമയുടെ ഏകഗോള്‍.
ബാഴ്‌സ തങ്ങളുടെ മികവിലേക്ക് ഉയരാതെ മത്സരത്തില്‍ റോമതന്നെ സ്വന്തം കുഴി വെട്ടുകയായിരുന്നു. 38 -ാം മിനുട്ടില്‍ ഡി റോസിയുടെ ഓണ്‍ ഗോളാണ് ആദ്യം റോമയുടെ വല കുലുക്കിയത്. രണ്ടാം പകുതിയില്‍ 55-ാം മിനുട്ടില്‍ രണ്ടാമതും റോമ തന്നെ അവരുടെ വലയില്‍ പന്തെത്തിച്ചു. ഇത്തവണ മനൊലസ് ആയിരുന്നു സെല്‍ഫ് ഗോളിനെ ഉടമ. രണ്ടാം ഗോള്‍ വന്നതോടെ ചിത്രത്തില്‍ ഇല്ലാതായ റോമ രണ്ട് മിനുട്ടുകള്‍ക്കകം മൂന്നാം ഗോളും വഴങ്ങി. പികെ ആയിരുന്നു മൂന്നാം ഗോള്‍ നേടിയത്.
Read Also : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യമെഡല്‍
80-ാം മിനുട്ടില്‍ ജെക്കോയിലൂടെ നേടിയ എവേ ഗോള്‍ റോമക്ക് രണ്ടാം പാദത്തില്‍ ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും ലൂയിസ് സുവാരസ് നേടിയ നാലാം ഗോള്‍ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. സുവാരസിന്റെ ഒരു വര്‍ഷത്തിനു ശേഷമുള്ള ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്.
അതേസമയം യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൂപ്പര്‍ അട്ടിമറി നടന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍പട്ടത്തിലേക്കു കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ ലിവര്‍പൂള്‍ 3-0ന് മുട്ടുകുത്തിച്ചു.
ചെമ്പടയുടെ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലാഹ് (12), അലക്‌സ് ചേംബര്‍ലീന്‍ (20), സാദിയോ മാനെ (31) എന്നിവര്‍ ആദ്യ അരമണിക്കൂറിനകം സിറ്റിയുടെ കഥ കഴിച്ചു.