ലാ ലിഗയില്‍ അത്ലറ്റിക് ക്ലബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചുകൊണ്ട് ബാഴ്സലോണ മുന്നേറുന്നു.
മത്സരത്തില്‍ യുവതാരമായ മാര്‍ക്ക് ഗ്യൂവ് ആണ് വിജയഗോള്‍ നേടിയത്. ബാഴ്സലോണക്കായി അരങ്ങേറ്റ മത്സരത്തില്‍തന്നെ താരം ഗോള്‍ നേടിയത് ശ്രദ്ധേയമായി. ഈ ഗോളിലൂടെ ചരിത്രപരമായ മറ്റൊരു നേട്ടം സ്വന്തമാക്കാനും ഗ്യൂവിന് സാധിച്ചു.
21-ാം നൂറ്റാണ്ടില്‍ ബാഴ്സലോണയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഈ 17കാരന്‍ മാറി.
മത്സരത്തില്‍ 79-ാം മിനിട്ടില്‍ ഫെര്‍മിന്‍ ലോപ്പസിന് പകരക്കാരനായിട്ടാണ് മാര്‍ക്ക് ഗ്യൂവ് കളത്തിലിറങ്ങിയത്. ഗ്രൗണ്ടിലെത്തി 23 സെക്കന്റുകള്‍ ആയപ്പോഴേക്കും താരം ഗോള്‍ നേടികൊണ്ട് അരങ്ങേറ്റം അവിസ്മരണീയമാക്കുകയായിരുന്നു.
അത്ലറ്റിക് ക്ലബ്ബിന്റെ പ്രതിരോധം കീറിമുറിച്ചുകൊണ്ടുള്ള ജാവോ ഫെലിക്സിന്റെ പാസില്‍ നിന്നും ഗ്യൂവ് പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ലക്ഷ്യം കാണുകയായിരുന്നു.
മത്സരശേഷം മികച്ച പ്രകടനം നടത്താന്‍ സാധിച്ചതിന്റെ സന്തോഷവും ഗ്യൂവ് പങ്കുവെച്ചു.
‘എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല എനിക്ക് ശ്വാസം മുട്ടുന്നു. ഞാന്‍ ഈ നിമിഷം ആസ്വദിക്കുകയാണ്. ഈ ഒരു നിമിഷങ്ങള്‍ക്കായി ഞാന്‍ എന്റെ ജീവിതം കഠിനാധ്വാനം ചെയ്തു,’ മത്സരശേഷം ഗ്യൂവ് മാധ്യമങ്ങളോട് പറഞ്ഞു.
ബാഴ്സലോണ അക്കാദമിയായ ലാ മാസിയയില്‍ നിന്നും വന്ന മറ്റൊരു യുവതാരമാണ് മാര്‍ക്ക് ഗ്യൂവ്. അണ്ടര്‍ 17 യൂറോയില്‍ സ്‌പെയിനിനായി അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളാണ് താരം നേടിയത്.
ലാ ലിഗയില്‍ നിലവില്‍ പത്ത് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും മൂന്ന് സമനിലയും അടക്കം 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ.
ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ 25ന് ഉക്രൈന്‍ ക്ലബ്ബ് ശക്തര്‍ ഡോണ്‍സ്‌ടെക്കിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.
Content Highlight: Barcelona won in La Liga and the young player Marc Guiu create the record.