ഇഞ്ചുറി ടൈം ഗോള്‍; കറ്റാലന്‍മാര്‍ക്ക് മിന്നും ജയം
Football
ഇഞ്ചുറി ടൈം ഗോള്‍; കറ്റാലന്‍മാര്‍ക്ക് മിന്നും ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th January 2024, 7:50 am

ലാ ലിഗയില്‍ ബാഴ്സലോണക്ക് വിജയം. ലാസ് പാല്‍മാസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പാനിഷ് വമ്പന്‍മാര്‍ തകര്‍ത്തു വിട്ടത്.

പാല്‍മാസിന്റെ ഹോം ഗ്രൗണ്ടായ ഗ്രാസ് കാനറിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ഇരുടീമുകളും പോരാട്ടത്തിനിറങ്ങിയത്.

മത്സരത്തിന്റെ 12ാം മിനിട്ടില്‍ മുനീര്‍ എല്‍ ഹദാരിയിലൂടെ ലാസ് പാല്‍മാസ് ആണ് ആദ്യം ലീഡെടുത്തത്. പെനാല്‍ട്ടി ബോക്സിൽ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ താരം ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയര്‍ മുന്നിട്ടുനിന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ കറ്റാലന്‍മാര്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുകയായിരുന്നു. 55ാം മിനിട്ടില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്സ മറുപടി ഗോള്‍ നേടി. പാല്‍മാസ് ഡിഫെന്‍സില്‍ നിന്നുള്ള പിഴവ് മുതലെടുത്തുകൊണ്ട് താരം ബോക്‌സില്‍ നിന്നും ഫിനിഷ് ചെയ്യുകയായിരുന്നു.

ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ആയിരുന്നു ബാഴ്സയുടെ വിജയഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടി ജര്‍മന്‍ താരം ലൈക്കായ് ഗുണ്ടോഗന്‍ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തു.

ജയത്തോടെ സ്പാനിഷ് ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 12 വിജയവും അഞ്ചു സമനിലയും രണ്ട് തോല്‍വിയും അടക്കം 41 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ.

അതേസമയം തോല്‍വിയോടെ ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ചു സമനിലയും ഏഴ് തോല്‍വിയും അടക്കം 25 പോയിന്റുമായി പത്താം സ്ഥാനത്താണ് ലാസ് പാല്‍മാസ്.

കോപ്പ ഡെല്‍റേയില്‍ ജനുവരി എട്ടിന് ബാര്‍ബാസ്‌ട്രൊയുമായാണ് ബാഴ്സയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ടെനെറൈഫാണ് ലാസ് പാല്‍മാസിന്റെ എതിരാളികള്‍.

Content Highlight: Barcelona won in La Liga.