2023-24 ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് മിന്നും തുടക്കം. ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ ബെൽജിയൻ ക്ലബ്ബ് ആന്റവെർപ്പിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബാഴ്സ തകർത്തത്. പോർച്ചുഗീസ് താരം ജാവോ ഫിലിക്സ് മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മോണ്ട്ജ്യൂസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11ാം മിനിട്ടിൽ പോർച്ചുഗീസ് താരം ജാവോ ഫെലിക്സ് ആണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. ജർമൻ താരം ഗുണ്ടോഗനിൽ നിന്നും പന്ത് സ്വീകരിച്ച ഫെലിക്സ് പെനാൽട്ടി ബോക്സിനുള്ളിൽ നിന്നും പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ഫെലിക്സിന് പിന്നാലെ മത്സരത്തിന്റെ 19ാം മിനിട്ടിൽ സൂപ്പർ താരം റൊബർട്ട് ലെവൻഡോസ്ക്കി ലീഡ് രണ്ടാക്കി ഉയർത്തി. എതിരാളികളുടെ പ്രതിരോധത്തിൽ വിള്ളലേൽപ്പിച്ചുകൊണ്ടുള്ള ജാവോ ഫെലിക്സിന്റെ ക്രോസിൽ നിന്നും ഫസ്റ്റ് ടച്ചിലൂടെ സൂപ്പർ താരം ഗോൾ നേടുകയായിരുന്നു.
മൂന്ന് മിനിട്ടുകൾക്ക് ശേഷം ബാഴ്സ വീണ്ടും പന്ത് എതിരാളികളുടെ വലയിലെത്തിച്ചു. റാഫിഞ്യായുടെ ക്രോസ്സ് ആന്റവെർപ്പ് താരം ബറ്റാലില്ലേയുടെ ഡിഫ്ലെക്ഷനിലൂടെ പോസ്റ്റിലേക്ക് കയറുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുമ്പോൾ കറ്റാലൻമാർ മൂന്ന് ഗോളുകൾക്ക് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലെ 54ാം മിനിട്ടിൽ സ്പാനിഷ് യുവതാരം ഗാവിയിലൂടെ ബാഴ്സ നാലാം ഗോൾ നേടി. പെനാൽറ്റി ബോക്സിൽ നിന്നും ലഭിച്ച പന്ത് താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.
മത്സരത്തിന്റെ 66ാം മിനിട്ടിൽ ജാവോ ഫിലിക്സ് വീണ്ടും വലകുലുക്കി. റാഫിഞ്യായുടെ ക്രോസിൽ നിന്നും ഹെഡറിലൂടെയാണ് താരം ബാർസയുടെ അഞ്ചാം ഗോൾ നേടിയത്.
വീണ്ടും ലീഡ് ഉയർത്താൻ ബാർസക്ക് മികച്ച അവസരങ്ങൾ ലഭിച്ചുവെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ അഞ്ച് ഗോളിന്റെ തകർപ്പൻ ജയമാണ് ബാഴ്സ സ്വന്തമാക്കിയത്.
രണ്ട് ഗോളും ഒരു അസിസ്റ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ച പോർച്ചുഗീസ് താരം ജാവോ ഫെലിക്സ് ആണ് കളിയിലെ താരം. ഈ മിന്നും ജയത്തോടെ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്തെത്താനും ബാഴ്സക്ക് കഴിഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ ഒക്ടോബർ അഞ്ചിന് പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോക്കെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.
Content Highlight: Barcelona won 5-0 in the opening match of the Champions League.