കഴിഞ്ഞ ദിവസം കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചിരുന്നു.
മാഡ്രിഡില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ പിറന്ന സെല്‍ഫ് ഗോള്‍ ആണ് ബാഴ്‌സക്ക് വിജയം നല്‍കിയത്.
ലെവന്‍ഡോസ്‌കിയും പെഡ്രിയും ഇല്ലാതിരുന്നിട്ടും ബാഴ്‌സക്ക് വിജയമുറപ്പിക്കാനായിരുന്നു. എന്നാല്‍ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് തങ്ങളുടെ മികവ് പുറത്തെടുക്കാനായിരുന്നില്ല. കരിം ബെന്‍സെമയും വിനീഷ്യസ് ജൂനിയറും ബാഴ്‌സക്ക് മുന്നില്‍ അടി പതറുകയായിരുന്നു.
26ാം മിനിട്ടില്‍ മിലിറ്റാവോയുടെ സെല്‍ഫ് ഗോളിലൂടെയാണ് ബാഴ്‌സലോണ ലീഡ് എടുത്തത്. സമനില പിടിക്കാന്‍ റയല്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ബാഴ്‌സയുടെ വലസൂക്ഷിപ്പുകാരന്‍ ടെര്‍ സ്റ്റേഗനെ പരീക്ഷിക്കാന്‍ റയലിന് സാധിച്ചിരുന്നില്ല.
അത്ര ആവേശകരമായ മത്സരമായിരുന്നില്ല എല്‍ ക്ലാസിക്കോയില്‍ നടന്നിരുന്നത്. മത്സരത്തിന് ശേഷം രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ് ആരാധകര്‍.
ജീവിതത്തില്‍ ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശം മത്സരമാണിതെന്നും റയല്‍ മാഡ്രിഡ് കോച്ചാണ് തോല്‍വിക്ക് കാരണമെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
റയലില്‍ ഇത്രയും കരുത്തന്മാര്‍ ഉണ്ടായിട്ടും ബാഴ്‌സയുടെ ഇന്നിറങ്ങിയ ലൈന്‍ അപ്പിന് ജയം നേടാനായത് അത്ഭുതമായി തോന്നുന്നെന്നും ട്വീറ്റുകളുണ്ട്.
എല്‍ ക്ലാസിക്കോയിലെ ഏറ്റവും ബോറന്‍ മത്സരമാണിതെന്നും ആന്‍സലോട്ടി ഈ സമ്മറില്‍ ക്ലബ്ബ് വിടുന്നതാകും ഉചിതമെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
അതേസമയം ലെവന്‍ഡോസ്‌കിക്കും പെഡ്രിക്കും പുറമെ ഉസ്മാന്‍ ഡെംബലെക്കും വ്യാഴാഴ്ച നടന്ന എല്‍ ക്ലാസിക്കോ നഷ്ടമായിരുന്നു.
ഇടത് കാലിനേറ്റ പരിക്കാണ് ലെവന്‍ഡോസ്‌കിക്ക് മത്സരം നഷ്ടമാകാനുണ്ടായ കാരണം. മാര്‍ച്ച് 19ന് ക്യാമ്പ് നൗവില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Barcelona wins in El Classico at Madrid