| Sunday, 30th April 2023, 8:46 am

'മെസി ഇത് കാണുന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നു'; ബാഴ്‌സലോണയുടെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ബെറ്റിസിന്റെ ജയം. ആന്‍ഡ്രിയാസ് ക്രിസ്‌റ്റെന്‍സെന്‍, റോബേര്‍ട്ട് ലെവന്‍ഡോസ്‌കി, റോഡ്രിഗസ് എന്നിവരാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്.

മത്സരത്തിന് ശേഷം ബാഴ്‌സലോണ പ്രശംസിച്ചും മെസിയെ ക്ലബ്ബിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടും ആരാധകര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരികെയെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. താരം ക്ലബ്ബില്‍ തിരിച്ചെത്തിയതിന് ശേഷം തങ്ങളുടെ പ്രതാപകാലം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ടീം ബാഴ്‌സലോണയും.

എന്നാല്‍ മെസി തന്റെ ക്ലബ്ബ് ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങള്‍ അറിയിച്ചിട്ടില്ല. പി.എസ്.ജി പലതവണ താരവുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും മെസി അതിന് തയ്യാറായിരുന്നില്ല.

ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ 400 മില്യണ്‍ യൂറോ വാഗ്ദാനം നല്‍കി താരത്തെ സൈന്‍ ചെയ്യിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ മെസി അത് നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരിയറിന്റെ അവസാന കാലഘട്ടമായതിനാല്‍ യൂറോപ്യന്‍ ക്ലബ്ബുകളിലൊന്നില്‍ കളിച്ച് വിരമിക്കാനാണ് താരം പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇതോടൊപ്പം എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്ക് ഡേവിഡ് ബെക്കാം മെസിയെ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും മെസി വിഷയത്തില്‍ ഇതുവരെ തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

ലാ ലിഗയില്‍ ഇതുവരെ നടന്ന 32 മത്സരങ്ങളില്‍ 25 ജയവുമായി 79 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ. 11 പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.

മെയ് രണ്ടിന് ഒസാസുനക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം.

Content Highlights: Barcelona wins against Real Betis in La Liga

We use cookies to give you the best possible experience. Learn more