| Friday, 3rd February 2023, 9:28 am

ലെവന്‍ഡോസ്‌കി നേടുന്ന അടുത്ത രണ്ട് ഗോള്‍ ബാഴ്‌സക്കുണ്ടാക്കുന്ന നഷ്ടം 1.25 മില്യണ്‍ യൂറോ; പ്രത്യേക ഉടമ്പടികള്‍ ഇങ്ങനെ; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

റോബര്‍ട്ട് ലെവന്‍ഡോസ്‌കി അടുത്ത രണ്ട് ഗോളുകള്‍ നേടുന്നതോടുകൂടി ബാഴ്‌സലോണക്ക് ചെലവാകാന്‍ പോകുന്നത് 1.25 മില്യണ്‍ യൂറോ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സലോണക്കായി ലെവന്‍ഡോസ്‌കി തന്റെ 25ാം ഗോള്‍ നേടുന്നതോടെയാണ് ബാഴ്‌സക്ക് ഈ തുക ചെലവാക്കേണ്ടി വരിക.

ബയേണില്‍ നിന്നും ബാഴ്‌സയിലേക്കെത്തുമ്പോള്‍ ഒപ്പുവെച്ച പ്രത്യേക ഉടമ്പടിയിലാണ് ഇക്കാര്യം പറയുന്നത്. കറ്റാലന്‍മാര്‍ക്കായി ലെവന്‍ഡോസ്‌കി 25 ഗോള്‍ നേടുകയാണെങ്കില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന് അധിക തുക നല്‍കേണ്ടിവരുമെന്നതാണ് ഇതിലെ പ്രധാന ക്ലോസ്. നിലവില്‍ ബാഴ്‌സക്കായി 23 ഗോളാണ് ലെവ നേടിയത്.

മുണ്ടോ ഡിപ്പോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം ലെവന്‍ഡോസ്‌കി മികച്ച പ്രകടനം പുറത്തെടുക്കുന്നതും ബാഴ്‌സയെ സംബന്ധിച്ച് അധിക ചെലവാണ്. ബാഴ്‌സക്കായി ബൂട്ടുകെട്ടിയ 25 മത്സരത്തില്‍ നിന്നുമാണ് ലെവന്‍ഡോസ്‌കി 23 ഗോളടിച്ചത്.

ബാഴ്‌സയുടെ നിവലിലെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം പരിതാപകരമാണ്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒരു താരത്തെ പോലും ടീമിലെത്തിക്കാന്‍ ബാഴ്‌സക്ക് സാധിച്ചിരുന്നില്ല. ഈ സ്ഥിതിയില്‍ ലെവന്‍ഡോസ്‌കിയുടെ രണ്ട് ഗോള്‍ ബാഴ്‌സയെ എങ്ങനെ ബാധിക്കുമെന്നും കണ്ടറിയേണ്ടതാണ്.

ലാ ലീഗയിലെ അടുത്ത മത്സരത്തില്‍ തന്നെ ലെവ 25 ഗോള്‍ തികച്ചേക്കും. സെവിയ്യക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം.

ബുണ്ടസ് ലീഗയിലെ മികച്ച റണ്ണിന് ശേഷം കഴിഞ്ഞ സമ്മറിലാണ് താരം ക്യാമ്പ് നൗവിലെത്തിയത്. ലാ ലീഗയില്‍ മികച്ച പ്രകടനം തുടരുമ്പോഴും ചാമ്പ്യന്‍സ് ലീഗിന്റ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായത് കറ്റാലന്‍മാര്‍ക്കേറ്റ വലിയ തിരിച്ചടികളിലൊന്നായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായെങ്കിലും ലാ ലീഗയില്‍ റൈവല്‍സായ റയല്‍ മാഡ്രിഡിനേക്കാളും ക്ലിയര്‍ എഡ്ജ് ബാഴ്‌സക്കുണ്ട്.

19 മത്സരത്തില്‍ നിന്നും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 50 പോയിന്റാണ് ബാഴ്‌സക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയലിന് 19 മത്സരത്തില്‍ നിന്നും 12 ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമടക്കം 45 പോയിന്റാണുള്ളത്.

ഇതിന് പുറമെ ഫെബ്രുവരി 16ന് കാലങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബാഴ്‌സയും തമ്മില്‍ കൊമ്പുകോര്‍ക്കും. യൂറോപ്പ ലീഗിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

ബാഴ്‌സയുടെ സ്വന്തം തട്ടകത്തില്‍ വെച്ചാണ് ആദ്യ പാദ മത്സരം. ഫെബ്രുവരി 26ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് നടക്കുന്ന രണ്ടാം പാദത്തില്‍ ഇവര്‍ വീണ്ടും ഏറ്റുമുട്ടും.

Content highlight: Barcelona will spend €1.25 million on Robert Lewandowski’s next 2 goals, according to reports.

We use cookies to give you the best possible experience. Learn more