ബാഴ്‌സലോണ എഫ്.സി പോളിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബയേണ്‍ മ്യൂണിക്കില്‍ നിന്ന് താരം ബാഴ്‌സലോണയിലേക്കേത്തുന്നത്. തുടര്‍ന്ന് ബ്ലൂഗ്രാനക്കായി കളിച്ച് 41 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളാണ് ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം.
എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി താരം മികച്ച ഫോമില്‍ അല്ലെന്ന് ചൂണ്ടിക്കാട്ടി ബാഴ്‌സലോണ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ട ലെവന്‍ഡോസ്‌കിയെ വില്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 40 മില്യണ്‍ യൂറോക്കാണ് ബാഴ്‌സ ലെവന്‍ഡോസ്‌കിയെ വില്‍ക്കാനൊരുങ്ങുന്നതെന്ന് സ്പാനിഷ് മാധ്യമമായ എല്‍ നാഷണലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലെവന്‍ഡോസ്‌കിക്ക് പകരം ക്രിസ്റ്റല്‍ പാലസ് താരം വില്‍ഫ്രീഡ് സാഹയെ ക്ലബ്ബിലെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സീസണോടെ ഫ്രീ ഏജന്റാകുന്ന സാഹയെ ഉടന്‍ ക്ലബ്ബിലെത്തിക്കാനാണ് ബാഴ്‌സ പദ്ധതിയിടുന്നത്. 30കാരനായ താരം ക്രിസ്റ്റല്‍ പാലസിനായി 26 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് അക്കൗണ്ടിലാക്കിയിരിക്കുന്നത്.
അതേസമയം, ചൊവ്വാഴ്ച്ച ഒസാസുനക്കെതിരായ മത്സരത്തില്‍ ബാഴ്സലോണ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ ജയം. മത്സരത്തിന്റെ 85ാം മിനിട്ടില്‍ ജോര്‍ധി ആല്‍ബയാണ് ബാഴ്സലോണക്കായി ഗോള്‍ നേടിയത്.
ഇതോടെ 33 മത്സരങ്ങളില്‍ നിന്ന് 26 ജയവുമായി 82 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സ. 68 പോയിന്റുമായി രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡാണ്.
മെയ് 15ന് എസ്പന്യോളിന് എതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.