| Thursday, 20th April 2023, 6:51 pm

മെസിയെ എങ്ങനെയും തിരിച്ചെത്തിക്കണം; ക്ലബ്ബില്‍ തീപ്പൊരിയായി എത്തിയ താരത്തെ പുറത്താക്കാനൊരുങ്ങി ബാഴ്‌സ

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ എങ്ങനെയെങ്കിലും ക്ലബ്ബില്‍ തിരിച്ചെത്തിക്കാനുള്ള തത്രപ്പാടിലാണ് ബാഴ്‌സലോണ. നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ലോക ചാമ്പ്യനെ ക്ലബ്ബിലെത്തിക്കണമെന്ന് ആഗ്രഹിക്കാനെ ബാഴ്‌സക്ക് സാധിക്കൂ. മെസിയെ ക്ലബ്ബിലെത്തിച്ച് തങ്ങളുടെ പ്രതാപ കാലം തിരിച്ച് പിടിക്കാന്‍ ചില പ്രധാന താരങ്ങളെ വില്‍ക്കുകയെന്നതാണ് ബാഴ്‌സ കണ്ടെത്തിയ പോംവഴി.

ബ്രസീലിയന്‍ താരം റഫീഞ്ഞയെ ബാഴ്‌സ 50 മില്യണ്‍ യൂറോക്ക് വില്‍ക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫുട്ബോളിലെ മികച്ച സ്ട്രൈക്കര്‍മാരിലൊരാളാണ് ബാഴ്‌സലോണയുടെ ബ്രസീലിയന്‍ താരം റഫീഞ്ഞ. പലരും അദ്ദേഹത്തെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനോടായിരുന്നു താരതമ്യം ചെയ്തിരുന്നത്. ലീഡ്സ് യുണൈറ്റഡില്‍ നിന്ന് 60 മില്യണ്‍ യൂറോക്ക് ബാഴ്സയിലെത്തിച്ച റഫീഞ്ഞക്ക് പക്ഷെ ആദ്യ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

ബാഴ്സയുടെ ഒട്ടുമിക്ക മത്സരങ്ങളിലും പ്രതീക്ഷക്കൊത്തുയരാന്‍ റഫീഞ്ഞക്കായില്ല. പലപ്പോഴായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഉസ്മാന്‍ ഡെംബലെയുടെ സബ്സ്റ്റിറ്റിയൂട് ആയിട്ടാണ് റഫീഞ്ഞ എത്തുന്നത്. പരിക്കുകളെ തുടര്‍ന്ന് ഡെംബെലെക്ക് പുറത്തിരിക്കേണ്ടി വന്നതിനാല്‍ റഫീഞ്ഞക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു.

എന്നാല്‍ ഈ സീസണില്‍ മോശം ഫോമില്‍ തുടരുകയാണ് താരം. ബാഴ്സക്കായി കളിച്ച 33 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളാണ് റഫീഞ്ഞ അക്കൗണ്ടിലാക്കിയത്. കോച്ച് സാവി ഹെര്‍ണാണ്ടസിന്റെ വിശ്വസ്തനാകുന്നതില്‍ റഫീഞ്ഞ പരാജയപ്പെടുകയായിരുന്നു.

തുടര്‍ന്ന് താരത്തെ വില്‍ക്കുന്നതിനെ കുറിച്ച് ബാഴ്സലോണ പദ്ധതിയിട്ടിരിക്കുകയാണ്. വരുന്ന സമ്മര്‍ സീസണില്‍ റഫീഞ്ഞയെ വില്‍ക്കുമെന്നാണ് സൂചന. താരത്തെയടക്കം വിറ്റുകിട്ടുന്ന പണം മെസിയെ ക്ലബ്ബിലെത്തിക്കുന്നതിന് വിനിയോഗിക്കുമെന്നാണ് സൂചന.

അതേസമയം, റഫീഞ്ഞയെ സ്വന്തമാക്കാന്‍ ആഴ്സണല്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആഴ്സണലിന് പുറമെ മറ്റ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളും താരത്തെ സൈന്‍ ചെയ്യിക്കാന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Barcelona will sell Raphinha to buy Lionel Messi in this summer season

We use cookies to give you the best possible experience. Learn more