പി.എസ്.ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ മൂന്ന് പ്രധാന താരങ്ങളെ വില്‍ക്കാനൊരുങ്ങി ബാഴ്‌സലോണ. ഡിയോറോ ഗോളിന്റെ റിപ്പോര്‍ട്ട് പ്രകാരം റഫീഞ്ഞ, ഫ്രാങ്ക് കെസ്സി, സെര്‍ജി റോബേര്‍ട്ടോ, അന്‍സു ഫാറ്റി എന്നീ താരങ്ങളെയാണ് റിലീസ് ചെയ്യുന്നത്.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ലീഡ്സില്‍ നിന്നെത്തിയ റഫീഞ്ഞക്ക് പ്രതീക്ഷക്കൊത്തുയരാനായില്ല എന്നതിനാലാണ് താരത്തെ വില്‍ക്കാന്‍ ബാഴ്സ തീരുമാനിച്ചത്. 33 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ മാത്രമാണ് റഫീഞ്ഞ ബാഴ്സക്കായി നേടിയത്.
കെസ്സിയും കഴിഞ്ഞ സമ്മറില്‍ ബാഴ്സയിലെത്തിയതിന് ശേഷം മോശം ഫോം തുടരുകയാണ്. 27 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് താരത്തിന്റെ ബാഴ്സയിലെ സമ്പാദ്യം.
അതേസമയം ബാഴ്സയുമായുള്ള കരാര്‍ അവസാനിരിക്കെ റോബേര്‍ട്ടോയുടെ കരാര്‍ പുതുക്കുന്നില്ലെന്നാണ് മാനേജ്മെന്റ് തീരുമാനം. മെസി ബാഴ്‌സലോണയില്‍ കളിച്ചിരുന്ന സമയത്ത് റോബേര്‍ട്ടോയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് താരത്തെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുന്നതില്‍ മെസി അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, മെസിയുടെ 10ാം നമ്പര്‍ ജേഴ്സിയിലെത്തിയ താരമാണ് അന്‍സു ഫാറ്റി. ബാഴ്‌സയിലെ മെസിയുടെ പിന്‍ഗാമി എന്നറിയപ്പെടുന്ന താരത്തിന് തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ പരിക്കുകളെ തുടര്‍ന്ന് ഈ സീസണില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ല. ബാഴ്സക്കായി കളിച്ച 34 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് ഫാറ്റി അക്കൗണ്ടിലാക്കിയത്.
വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക. പാരീസില്‍ തുടരാന്‍ മെസിക്ക് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് താരത്തിന് 400 മില്യണ്‍ യൂറോയുടെ ഓഫര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹമത് സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ ക്ലബ്ബുകള്‍ക്ക് പുറമെ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍മിയാമിയും താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ മെസി ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2021ലാണ് ബാഴ്സലോണക്ക് മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരം ക്ലബ്ബ് വിടുന്നത്. പി.എസ്.ജിക്കായി ഇതുവരെ കളിച്ച 67 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളും 32 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.