| Thursday, 4th May 2023, 1:51 pm

കടുത്ത തീരുമാനങ്ങളുമായി ബാഴ്‌സലോണ; അഞ്ച് താരങ്ങള്‍ ഉടന്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരവും ആരാധകരില്‍ ഞെട്ടലുളവാക്കുന്നതുമായ ക്ലബ്ബ് ട്രാന്‍സഫറുകളാണ് വരുന്ന സമ്മര്‍ സീസണില്‍ ഫുട്‌ബോളില്‍ നടക്കാനിരിക്കുന്നത്. താരങ്ങളുടെ ട്രാന്‍സ്ഫറുകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നുണ്ടെങ്കിലും ആരൊക്കെ ഏതൊക്കെ ക്ലബ്ബിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

എഫ്.സി ബാഴ്‌സലോണയുടേതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന ക്ലബ്ബ് ട്രാന്‍സ്ഫറുകളില്‍ പ്രധാനം. ലയണല്‍ മെസി പി.എസ്.ജി വിടുന്നതോടെ തന്റെ പഴയ തട്ടകമായ ബാഴ്‌സയില്‍ തിരികെയെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. മെസിയും ബാഴ്‌സലോണയും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് അഞ്ച് താരങ്ങളെ ഉടന്‍ പുറത്താക്കുമെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പ്രകടന മികവിന്റെ അടിസ്ഥാനത്തിലും ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമാണ് അഞ്ച് താരങ്ങളെ വില്‍ക്കാന്‍ ബാഴ്‌സ തയ്യാറെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എറിക് ഗാര്‍ഷ്യ, ഫ്രാങ്ക് കെസ്സി, ജോര്‍ധി ആല്‍ബ, റഫീഞ്ഞ, ഫെറാന്‍ ടോറസ് എന്നീ താരങ്ങളെയാണ് ബാഴ്‌സലോണ വില്‍ക്കാന്‍ തീരുമാനിച്ചത്.

ഫിച്ചാജെസ് നെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ബാഴ്‌സലോണക്ക് പുതിയ താരങ്ങളെ സൈന്‍ ചെയ്യിക്കാന്‍ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമപ്രകാരം വേജ് ബില്‍ കുറക്കേണ്ടതുണ്ട്. അതിനുവേണ്ടി താരങ്ങളില്‍ പലരെയും വില്‍ക്കേണ്ടതുണ്ടെന്നും അതിനായാണ് സാവി അഞ്ച് താരങ്ങളെ ഷോര്‍ട്‌ലിസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ലയണല്‍ മെസിയടക്കം മൂന്ന് താരങ്ങളെ ക്ലബ്ബിലെത്തിക്കുകയാണ് ബാഴ്‌സലോണയിലെ അഴിച്ചുപണിക്ക് പിന്നിലെന്നും വിവിധ റിപ്പോര്‍ട്ടുകളുണ്ട്.

ചൊവ്വാഴ്ച്ച ഒസാസുനക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. മത്സരത്തിന്റെ 85ാം മിനിട്ടില്‍ ജോര്‍ധി ആല്‍ബയാണ് ബാഴ്‌സലോണക്കായി ഗോള്‍ നേടിയത്.

ഇതോടെ 33 മത്സരങ്ങളില്‍ നിന്ന് 26 ജയവുമായി 82 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സ. 68 പോയിന്റുമായി രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡാണ്.

മെയ് 15ന് എസ്പന്യോളിന് എതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Barcelona will sell five players in this season

We use cookies to give you the best possible experience. Learn more