| Monday, 17th April 2023, 11:11 am

മെസിയെ ക്ലബ്ബിലെത്തിക്കാന്‍ താരത്തിന്റെ പിന്‍ഗാമിയെ തന്നെ വില്‍ക്കാനൊരുങ്ങി ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ടോപ്പ് ടയര്‍ ഫുട്‌ബോള്‍ ലീഗായ ലാ ലിഗയില്‍ മികവോടെ മുന്നേറുകയാണ് കാറ്റലോണിയന്‍ കരുത്തന്‍മാരായ ബാഴ്‌സലോണ. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായെങ്കിലും ലീഗില്‍ മികച്ച മുന്നേറ്റം കാഴ്ച്ചവെക്കുകയാണ് ബാഴ്‌സലോണ.

എന്നാലിപ്പോള്‍ ബാഴ്‌സലോണയിലേക്ക് സൂപ്പര്‍ താരം മെസിയെ തിരികെ കൊണ്ട് വരാനായി മെസിയുടെ പിന്‍ഗാമിയെന്നും ജൂനിയര്‍ മെസിയെന്നും വിശേഷണമുള്ള അന്‍സു ഫാറ്റിയെ വില്‍ക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ബാഴ്‌സ. ജൂണില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന മെസി തുടര്‍ന്ന് ഫ്രീ ഏജന്റ് ആയി മാറും, ഇതോടെയാണ് താരത്തെ സ്വന്തമാക്കാനായി ബാഴ്‌സ ശ്രമം നടത്തുന്നത്.

ബാഴ്‌സലോണയില്‍ നിന്ന് ലയണല്‍ മെസി പടിയിറങ്ങിയപ്പോള്‍ 10ാം നമ്പര്‍ ജേഴ്‌സിയിലെത്തിയ താരമാണ് അന്‍സു ഫാറ്റി. മെസിയുടെ ജേഴ്‌സിയിലെത്തിയ താരത്തിന് അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ കഴിയുമെന്ന് കരുതിയിരുന്നെങ്കിലും താരത്തിന് ബാഴ്‌സയില്‍ മികവ് പുലര്‍ത്താനായിരുന്നില്ല. ഈ സീസണില്‍ ആറ് ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് ഫാറ്റി ബാഴ്‌സലോണക്കായി നേടിയത്.

ഇതിനുപുറമെ സാവിയുടെ കളി ശൈലിക്ക് അനുസൃതമായി ക്ലബ്ബില്‍ സ്‌ക്വാഡിനെ തയ്യാറാക്കുന്നതിന്റെ ഭാഗമായി നിരവധി പ്ലെയേഴ്‌സിനെ ഒഴിവാക്കാനും പകരം താരങ്ങളെ ക്ലബ്ബിലെത്തിക്കാനും ബാഴ്‌സക്ക് ആഗ്രഹമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

അതേസമയം, വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി പലതവണ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവില്‍ തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മെസി തിരിച്ച് പോകാനാണ് സാധ്യതയെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ തന്നെ തുടരുമെന്നും ബാഴ്‌സലോണയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എന്നാല്‍ നെയ്മറിന്റെ കാര്യങ്ങളില്‍ മറ്റ് തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഈ സീസണ്‍ അവസാനത്തോടെ നെയ്മര്‍ മറ്റേതെങ്കിലും ക്ലബ്ബ് അന്വേഷിക്കേണ്ടിവരുമെന്നും പി.എസ്.ജിയില്‍ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആണെന്നുമാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Content Highlights: Barcelona will sell Ansu Fati to bring back Lionel Messi to the club

Latest Stories

We use cookies to give you the best possible experience. Learn more