| Sunday, 26th February 2023, 9:40 pm

ഇത് ബാഴ്‌സലോണക്ക് വിധി നിര്‍ണയ മത്സരം; തോറ്റാല്‍ നാല് താരങ്ങള്‍ ക്ലബ്ബിന് പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയില്‍ അല്‍മിറക്കെതിരെയുള്ള മത്സരത്തിന് തയ്യാറെടുത്തിരിക്കുകയാണ് ബാഴ്‌സലോണ. യൂറോപ്പാ ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ക്വാളിഫിക്കേഷന്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ ബാഴ്സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങുകയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

പ്രീ ക്വാര്‍ട്ടറിലേറ്റ തോല്‍വിയോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താനാണ് ബാഴ്‌സയുടെ തീരുമാനം. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ അഞ്ച് താരങ്ങളെ ക്ലബ്ബില്‍ നിന്ന് പുറത്താക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ബാഴ്‌സ.

ഡിയോറോ ഗോളിന്റെ റിപ്പോര്‍ട്ട് പ്രകാരം റഫീഞ്ഞ, ഫ്രാങ്ക് കെസ്സി, സെര്‍ജി റോബര്‍ട്ടോ, അന്‍സു ഫാറ്റി എന്നീ താരങ്ങളെയാണ് റിലീസ് ചെയ്യുന്നത്.

അല്‍മിറക്കെതിരെയുള്ള മത്സരത്തിന്റെ പ്രകടനം വിലയിരുത്തിയാണ് താരങ്ങളുടെ ഭാവി നിശ്ചയിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുണൈറ്റഡിനെതിരെയുള്ള ആദ്യ പാദത്തില്‍ റഫീഞ്ഞ ഒരു ഗോള്‍ നേടിയെങ്കിലും രണ്ടാം പാദത്തില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ലീഡ്സില്‍ നിന്നെത്തിയതിന് ശേഷം താരത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നതല്ല എന്നതിനാലാണ് റഫീഞ്ഞയെ വിട്ടയക്കാന്‍ ബാഴ്സ തീരുമാനിച്ചത്. 33 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ മാത്രമാണ് റഫീഞ്ഞ ബാഴ്സക്കായി നേടിയത്.

കെസ്സിയും കഴിഞ്ഞ സമ്മറില്‍ ബാഴ്സയിലെത്തിയതിന് ശേഷം മോശം ഫോം തുടരുകയാണ്. 27 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് താരത്തിന്റെ ബാഴ്സയിലെ സമ്പാദ്യം.

അതേസമയം, ബാഴ്സയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ റോബര്‍ട്ടോയുടെ കരാര്‍ പുതുക്കുന്നില്ലെന്നാണ് മാനേജ്മെന്റ് തീരുമാനം.

മെസിയുടെ പത്താം നമ്പര്‍ ജേഴ്സിയിലെത്തിയ താരമായിരുന്നു അന്‍സു ഫാറ്റി. പരിക്കുകളെ തുടര്‍ന്ന് താരത്തിനും ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ബാഴ്സക്കായി കളിച്ച 34 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് ഫാറ്റി അക്കൗണ്ടിലാക്കിയത്.

യൂറോപ്പയില്‍ നിന്നും പുറത്തായതോടെ കോപ്പാ ഡെല്‍ റേ വിജയിക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സയിപ്പോള്‍. നിലവില്‍  22 മത്സരങ്ങളില്‍ നിന്നും 19 വിജയങ്ങളോടെ 59 പോയിന്റുമായി ലാ ലിഗയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സ.

ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30നാണ് ബാഴ്‌സലോണ അല്‍മിറയെ നേരിടുന്നത്.

Content Highlights: Barcelona will replace four players in summer transfer window

We use cookies to give you the best possible experience. Learn more