ബാഴ്സലോണ എഫ്.സിയിലെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു അന്‍സു ഫാറ്റി. ബാഴ്‌സയിലെത്തിയ അന്‍സു ലയണല്‍ മെസിക്ക് പകരക്കാരനാകുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നെങ്കിലും സമീപ കാലങ്ങളില്‍ മോശം പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
മികച്ച ഫോമിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ കുറഞ്ഞ അവസരങ്ങളാണ് കോച്ച് സാവി അന്‍സുവിന് നല്‍കുന്നതെങ്കിലും കഴിഞ്ഞ ദിവസം എല്‍ ക്ലാസിക്കോയില്‍ റയലിനെതിരെ നടന്ന മത്സരത്തില്‍ താരം കളിക്കാനിറങ്ങിയിരുന്നു.
എന്നാല്‍ ഗോളാക്കാനുള്ള അവസരം അന്‍സു പാഴാക്കിയതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ മികച്ച അവസരം ലഭിച്ചിട്ടും പാഴാക്കി കളഞ്ഞത് സാവിയെയും ടീം അംഗങ്ങളെയും പ്രകോപനം കൊള്ളിക്കുകയും ചെയ്തിരുന്നു.
മത്സരത്തിന് പിന്നാലെ അന്‍സു ഫാറ്റിയെ ക്ലബ്ബില്‍ നിന്ന് പുറത്താക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. യൂറോപ്പാ ലീഗില്‍ ബാഴ്സലോണ എഫ്.സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങിയപ്പോള്‍ തന്നെ ക്ലബ്ബില്‍ അഴിച്ചുപണികള്‍ നടത്തുമെന്ന് സൂചനയുണ്ടായിരുന്നു.
ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പയില്‍ നിന്നും പുറത്തായതോടെയാണ് ബാഴ്‌സലോണ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാഴ്സക്കായി കളിച്ച 34 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് ഫാറ്റി അക്കൗണ്ടിലാക്കിയത്.
അതേസമയം, കഴിഞ്ഞ ദിവസം കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചിരുന്നു.
മാഡ്രിഡില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സയുടെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ പിറന്ന സെല്‍ഫ് ഗോള്‍ ആണ് ബാഴ്സക്ക് വിജയം നല്‍കിയത്.
ലെവന്‍ഡോസ്‌കിയും പെഡ്രിയും ഇല്ലാതിരുന്നിട്ടും ബാഴ്സക്ക് വിജയമുറപ്പിക്കാനായിരുന്നു. എന്നാല്‍ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് തങ്ങളുടെ മികവ് പുറത്തെടുക്കാനായിരുന്നില്ല.
കരിം ബെന്‍സെമയും വിനീഷ്യസ് ജൂനിയറും ബാഴ്സക്ക് മുന്നില്‍ അടി പതറുകയായിരുന്നു.
26ാം മിനിട്ടില്‍ മിലിറ്റാവോയുടെ സെല്‍ഫ് ഗോളിലൂടെയാണ് ബാഴ്സലോണ ലീഡ് എടുത്തത്.
മാര്‍ച്ച് 19ന് ക്യാമ്പ് നൗവില്‍ വെച്ചാണ് രണ്ടാം പാദ മത്സരം.
Content Highlights: Barcelona will release Ansu Fati in summer season, report