ബാഴ്സലോണ താരങ്ങളുടെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ റൂമറുകള്‍ ശക്തമാവുകയാണ്. സൂപ്പര്‍താരം ലയണല്‍ മെസി ബാഴസയിലേക്ക് തിരിച്ച് വരുന്നെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ബാഴ്‌സ പല താരങ്ങളെയും പുറത്താക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയായിരുന്നു. വിഷയത്തില്‍ കോച്ച് സാവി ഹെര്‍ണാണ്ടസ് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.
ബാഴ്സലോണയില്‍ ആരെ വേണമെങ്കിലും വില്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ആറ് താരങ്ങളെ ടീമില്‍ നിലനിര്‍ത്തണമെന്നുമാണ് സാവി പറഞ്ഞത്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം റൊണാള്‍ഡോ അറൗഹോ, പെഡ്രി, ഗാവി, ജൂള്‍സ് കോണ്ടെ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സന്‍ എന്നീ താരങ്ങളെയാണ് ബാഴ്സലോണയില്‍ നിലനിര്‍ത്തണമെന്ന് സാവി ആവശ്യപ്പെട്ടത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് ഇവര്‍ ആറ് പേരും.
മെസി ബാഴ്സലോണയിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹങ്ങളോടും സാവി നേരത്തെ പ്രതികരിച്ചിരുന്നു. ബാഴ്സലോണ എഫ്.സി മെസിയുടെ വീടാണെന്നും എല്ലായിപ്പോഴും ബാഴ്സയുടെ വാതിലുകള്‍ മെസിക്കായി തുറന്നുകിടക്കുമെന്നും സാവി പറഞ്ഞു.
മെസി തന്റെ സുഹൃത്താണെന്നും തങ്ങള്‍ പരസ്പരം വിളിച്ച് സംസാരിക്കാറുണ്ടെന്നും എന്നാല്‍ ഏത് ക്ലബ്ബുമായി സൈനിങ് നടത്തണമെന്നുള്ളത് തീര്‍ത്തും അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും സാവി പറഞ്ഞു.
അതേസമയം ഈ സീസണില്‍ ബാഴ്സ വില്‍ക്കാനൊരുങ്ങുന്ന താരങ്ങളാണ് അന്‍സു ഫാറ്റിയും റഫീഞ്ഞയും. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയെങ്കിലും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഫാറ്റിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് താരത്തെ വില്‍ക്കാന്‍ ബാഴ്‌സ തീരുമാനമെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു.
ബ്രസീലിയന്‍ സൂപ്പര്‍താരം നെയമറിന്റെ പിന്‍ഗാമിയെന്ന വിശേഷണമുണ്ടായിരുന്ന റഫീഞ്ഞക്ക് ബാഴ്‌സലോണയുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ താരത്തെ വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നിരുന്നാലും, ഈ സീസണില്‍ ബാഴ്സയില്‍ ആരൊക്കെ നിലനില്‍ക്കുമെന്നും ആരൊക്കെ പുറത്തുപോകുമെന്നും കാത്തിരുന്ന് കാണണം.
ലാ ലിഗയില്‍ ഏപ്രില്‍ 23ന് അത്‌ലെറ്റികോ മാഡ്രിഡിനെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.
Content Highlights: Barcelona will not leave six important players from the club