| Wednesday, 15th March 2023, 12:25 pm

കയ്യിൽ കാശില്ല; വൻ തുക മുടക്കി സൈൻ ചെയ്യാനൊരുങ്ങിയ താരത്തെ വാങ്ങാൻ കഴിയാതെ ബാഴ്സ; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ മികവോടെ മുന്നേറുകയാണ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണ.
നിലവിൽ ലീഗ് ടേബിളിൽ ഒന്നാമതുള്ള ക്ലബ്ബ് ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പാ ലീഗിൽ നിന്നും പുറത്തായെങ്കിലും ലാ ലിഗയിലെ ക്ലബ്ബിന്റെ മുന്നേറ്റത്തെ അത് ഒട്ടും തന്നെ ബാധിച്ചിട്ടില്ല.

എന്നാലിപ്പോൾ ബാഴ്സലോണ അവരുടെ സ്‌ക്വാഡിലേക്ക് എത്തിക്കാൻ ശ്രമിച്ച മാഞ്ചസ്റ്റർ സിറ്റി താരമായ ജാവോ കാൻസലോയെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം ബാഴ്സക്ക് വാങ്ങാൻ സാധിക്കില്ല എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബാഴ്സ യൂണിവേഴ്സലാണ് പ്രസ്തുത റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ജനുവരിയിൽ കാൻസലോ സിറ്റിയിൽ നിന്നും ജർമൻ ക്ലബ്ബായ ബയേണിലേക്ക് ലോണിൽ എത്തപ്പെട്ടിരുന്നു. ശേഷം വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ 70 മില്യൺ യൂറോക്ക് വിൽക്കാൻ സിറ്റിക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നാണ് ബാഴ്സ കാൻസലോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

എന്നാൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ ഫിനാൻഷ്യൽ ഫെയർ പ്ലെ സംബന്ധിച്ച നിയമങ്ങളാണ് കാൻസലോയെ സൈൻ ചെയ്യാനായി വലിയ തുക മുടക്കാൻ ബാഴ്സക്ക് തടസം സൃഷ്ടിക്കുന്നത്.

അതേസമയം ബാഴ്സലോണ റഫറിക്ക് കോഴ നൽകി എന്ന ആരോപണത്തിൽ പ്രതികരണവുമായി ക്ലബ്ബ്‌ പ്രസിഡന്റ് ലപോർട്ട രംഗത്ത് വന്നിരുന്നു.
ബാഴ്‌സക്കെതിരെ വ്യാജ ആരോപണം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് ലപോര്‍ട്ട ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ആരാധകരേ, ശാന്തരാകുവിന്‍. വിവാദ വിഷയത്തില്‍ ബാഴ്‌സലോണ നിരപരാധിയാണ്. ഒരു ക്യാമ്പെയ്‌നിന്റെ ഇര മാത്രമാണ് ബാഴ്‌സ, ക്ലബ്ബിന്റെ മാന്യതക്ക് കോട്ടം വരുത്താന്‍ മനപൂര്‍വം ചെയ്തതാണ്. ഇതില്‍ അതിശയിക്കാനൊന്നുമില്ല. ഞങ്ങള്‍ ഇതിനെതിരെ പ്രതിരോധിക്കുകയും ബാഴ്‌സയുടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യും,’ ലപോര്‍ട്ട ട്വീറ്റ് ചെയ്തു.

റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് ഹോസെ മരിയ എന്‍ റിക്വേസ് നെഗ്രെയ്റക്ക് 57 കോടി രൂപ പ്രതിഫലം നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം ബാഴ്‌സലോണക്കെതിരെ ഉയര്‍ന്ന ആരോപണം. മത്സരഫലം തങ്ങള്‍ക്കനുകൂലമാക്കാന്‍ ബാഴ്സ പണം നല്‍കി റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.

ലാ ലിഗയിൽ നിലവിൽ 25 മത്സരങ്ങളിൽ നിന്നും 21 പോയിന്റുമായി ലീഗ് ടേബിളിൽ 65 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.

മാർച്ച് 20ന് റയൽ മാഡ്രിഡിനെതിരെയുള്ള എൽ ക്ലാസിക്കോയാണ് ബാഴ്സലോണക്ക് അടുത്തതായി കളിക്കാനുള്ളത്.

Content Highlights:Barcelona were unable to sign €70 million valued player Joao Cancelo in winter transfer window due to financial restrictions – Reports

.

We use cookies to give you the best possible experience. Learn more