| Monday, 24th July 2023, 8:43 am

മാന്‍ സിറ്റി സൂപ്പര്‍ താരത്തെ സൈന്‍ ചെയ്യാനൊരുങ്ങി ബാഴ്‌സലോണ; സ്വന്തമാക്കുന്നത് പി.എസ്.ജി ടാര്‍ഗറ്റിനെ

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം ഇല്‍ക്കെ ഗുണ്ടോഗനെ ക്ലബ്ബിലെത്തിച്ചതിന് പിന്നാലെ ബെര്‍ണാഡോ സില്‍വയെ കൂടി സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ. ബാഴ്സലോണക്ക് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയും സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മൂന്ന് സീസണുകളില്‍ ബാഴ്സ തുടര്‍ച്ചയായി സില്‍വയെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഈ സീസണിന്റെ അവസാനത്തോടെ സിറ്റി വിടാനൊരുങ്ങുന്ന സില്‍വ നിലവില്‍ മറ്റ് ക്ലബ്ബുമായി ഡീലിങ് നടത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് താരത്തെ ധൃതിയില്‍ സ്വന്തമാക്കാനുള്ള നീക്കവുമായി വമ്പന്‍ ക്ലബുകള്‍ രംഗത്തെത്തിയത്.

എന്നാല്‍ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് സില്‍വ തന്റെ തീരുമാനം അറിയിച്ചിട്ടില്ല. വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനമറിയിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘സത്യം പറഞ്ഞാല്‍, എനിക്കറിയില്ല. അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഇപ്പോള്‍ ഞാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെ ജയം ആഘോഷിക്കുകയാണ്. വളരെ മികച്ച നേട്ടമാണ് ഇത്തവണ ഞങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്,’ സില്‍വ പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് ഗുണ്ടോഗന്‍ ബാഴ്‌സയിലെത്തുന്നത്. കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പുറമെ ട്രെബിള്‍ എന്ന അപൂര്‍വം നേട്ടം കൊയ്യാന്‍ ഇത്തവണ മാന്‍ സിറ്റിക്ക് സാധിച്ചിരുന്നു.

പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങളിലും മുത്തമിടാന്‍ സിറ്റിക്ക് സാധിച്ചിരുന്നു. നിര്‍ണായക സമയത്ത് ഗോളടിച്ചും കളി നിയന്ത്രിച്ചും ടീമിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ താരത്തിനായി.

2016ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഗുണ്ടോഗന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്കൊപ്പം 14 കിരീട നേട്ടങ്ങളില്‍ പങ്കാളിയാകാന്‍ താരത്തിന് സാധിച്ചു.

അഞ്ച് പ്രീമിയര്‍ ലീഗ്, രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്യൂണിറ്റി ഷീല്‍ഡ്, ഒരു ചാമ്പ്യന്‍സ് ലീഗ് എന്നിവയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുള്ള ഗുണ്ടോഗന്റെ നേട്ടം.

ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബിലെത്തിയ ഗുണ്ടോഗനെ രണ്ട് വര്‍ഷത്തെ കരാറിലാണ് ബാഴ്‌സലോണ സൈന്‍ ചെയ്യിച്ചത്. ഇരുകൂട്ടരുടെയും താത്പര്യത്തിനനുസരിച്ച് വേണമെങ്കില്‍ 2026 വരെ കരാര്‍ നീട്ടാനും അവസരമുണ്ട്.

Content Highlights: Barcelona wants to sign with Bernado Silva

We use cookies to give you the best possible experience. Learn more