| Thursday, 13th April 2023, 8:06 am

എന്ത് വില കൊടുത്തും മെസിയെ ക്ലബ്ബിലെത്തിക്കണം; 40 മില്യണ്‍ യൂറോക്ക് യുവതാരത്തെ വില്‍ക്കാനൊരുങ്ങി ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍താരം ലയണല്‍ മെസിയെ ക്ലബ്ബിലെത്തിക്കുന്നതിന് ബാഴ്‌സലോണക്ക് സാമ്പത്തികമാണ് തടസം. പി.എസ്.ജിയില്‍ നിന്ന് വരുന്ന ജൂണില്‍ ഫ്രീ ഏജന്റാകുന്ന താരത്തെ മറ്റേതെങ്കിലും ക്ലബ്ബ് റാഞ്ചിക്കൊണ്ടുപോകുന്നതിന് മുമ്പ് ക്ലബ്ബിലെത്തിക്കുകയാണ് ബാഴ്‌സലോണയുടെ ലക്ഷ്യം.

അതിനുവേണ്ടി റഫീഞ്ഞ, അന്‍സുഫാറ്റി, റോബര്‍ട്ട് സെര്‍ജിയോ എന്നീ താരങ്ങളെ ബാഴ്‌സലോണ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. നിലവില്‍ ഒസാസുന ക്ലബ്ബില്‍ ലോണില്‍ കളിക്കുന്ന ബാഴ്‌സയുടെ 21കാരനായ എസ്സല്‍സോളി എന്ന താരത്തെ വില്‍ക്കാന്‍ ബാഴ്‌സലോണ തയ്യാറെടുത്തിരിക്കുന്ന എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബാഴ്‌സക്കായി കളിച്ച 26 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും രണ്ട് അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

ബാഴ്‌സലോണയുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ താരത്തെ വരുന്ന സീസണില്‍ വില്‍ക്കാനാണ് മാനേജ്‌മെന്റ് പദ്ധതിയിട്ടിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം മെസിയെ ക്ലബ്ബിലെത്തിക്കുന്നതിനുള്ള ഫണ്ട് ശേഖരിക്കുന്നതിനാണ് ബാഴ്‌സ ഈ താരങ്ങളെയെല്ലാം ഉടന്‍ വില്‍ക്കാന്‍ പദ്ധതിയിട്ടത്. 40 മില്യണ്‍ യൂറോക്കാണ് എസ്സല്‍സോളിയെ ബാഴ്‌സ വില്‍ക്കുന്നത്.

അതേസമയം, ജൂണില്‍ പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റാകുന്ന താരം തന്റെ ഭാവി പദ്ധതികളെ കുറിച്ചുള്ള തീരുമാനങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പല തവണ മേശപ്പുറത്ത് വെച്ചിട്ടും സൈന്‍ ചെയ്യാന്‍ മെസി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തുടര്‍ന്നാണ് മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയില്‍ തിരികെയെത്തുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. വിഷയത്തില്‍ മെസി തന്റെ പ്രതികരണം അറിയിച്ചിട്ടില്ല.

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്നും മെസിക്ക് 400 മില്യണ്‍ യൂറോയുടെ ഓഫര്‍ വന്നിരുന്നെന്നും എന്നാല്‍ യൂറോപ്പില്‍ തന്നെ കളിച്ച് വിരമിക്കാനാണ് മെസി പദ്ധതിയിട്ടിരിക്കുന്നതെന്നതിനാല്‍ താരം ഓഫര്‍ നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Barcelona wants to sell Abde Ezzalzouli to bring back Lionel Messi

We use cookies to give you the best possible experience. Learn more