പാരീസ് സെന്റ് ഷെര്‍മാങ് സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരികെയെത്താനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. കറ്റാലന്‍ ഔട്ട്‌ലെറ്റായ എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം വമ്പന്‍ തുക മുടക്കിയാണ് താരത്തെ ക്യാമ്പ് നൗവിലേക്ക് തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ ശ്രമിക്കുന്നത്.
2020-21 സീസണില്‍ മെസി ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ എത്തിയതിന് ശേഷം ക്ലബ്ബുമായി പൊരുത്തപ്പെടാന്‍ നന്നേ പാടുപെടുകയായിരുന്നു. 2022ല്‍ പി.എസ്.ജിക്കായി കളിച്ച മത്സരങ്ങളില്‍ താരത്തിന് 11 ഗോളും 15 അസിസ്റ്റും മാത്രമെ നേടാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പും ശേഷവും പി.എസ്.ജിക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പി.എസ്.ജി പുറത്തായതോടെ പാരീസില്‍ താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ചാമ്പ്യന്‍സ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി മെസി, നെയ്മര്‍, എംബാപ്പെ തുടങ്ങിയ സൂപ്പര്‍താരങ്ങളെ ക്ലബ്ബില്‍ നിലനിര്‍ത്തിയിരുന്നത്. ചാമ്പ്യന്‍സ് ലീഗ് പോലുള്ള പ്രധാന ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകേണ്ടി വന്നതോടെ പി.എസ്.ജി നിരാശരായെന്നും ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുമ്പോള്‍ മെസിയെ വിടാന്‍ ക്ലബ്ബ് ഒരുക്കമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ സീസണില്‍ മെസിയും പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാനായതോടെയാണ് ബാഴ്‌സലോണ റെക്കോഡ് തുക നല്‍കി താരത്തെ സ്വന്തമാക്കാന്‍ എത്തിയിരിക്കുന്നത്. ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ട മെസിയെ തിരികെയെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും താരം വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ മെസി താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ബാഴ്‌സലോണക്ക് പുറമെ ഇന്റര്‍ മിയാമിയാണ് മെസി സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ള മറ്റൊരു ക്ലബ്ബ്.
അതേസമയം സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ എല്‍ ക്ലാസിക്കോയില്‍ ബാഴസലോണ വിജയിച്ചിരുന്നു. റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്. ബ്ലൂഗ്രാനക്കായി സെര്‍ജി റോബേര്‍ട്ടോയും ഫ്രാങ്ക് കെസിയുമാണ് വലകുലുക്കിയത്.
ഏപ്രില്‍ രണ്ടിന് എല്‍ച്ചെക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.
Content Highlights: Barcelona wants sign with Lionel Messi for 200 million Euro