മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം ഇല്‍ക്കെ ഗുണ്ടോഗനെ ക്ലബ്ബിലെത്തിച്ചതിന് പിന്നാലെ ബെര്‍ണാഡോ സില്‍വയെ കൂടി സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ. ബാഴ്‌സ താരം ഫ്രെങ്കി ഡി ജോങ്ങുമായി സൈനിങ് നടത്താന്‍ താത്പര്യമുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി നേരത്തെ അറിയിച്ചിരുന്നു. സ്‌പോര്‍ട്ട്‌സ് മാധ്യമമായ ദ സണ്ണിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു സ്വാപ് ഡീലിനാണ് ഇരുടീമുകളും ശ്രമിക്കുന്നത്.
പരിശീലകന്‍ പെപെ ഫ്രങ്കി ഡി ജോങ്ങില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും താരത്തിനായി 85 മില്യണ്‍ യൂറോ നല്‍കാന്‍ സിറ്റി തയ്യാറാണെന്നും ദി അത് ലെറ്റിക്കിന്റൈ റിപ്പോര്‍ട്ടില്‍ പറയുന്നു. സില്‍വയെ തട്ടകത്തിലെത്തിക്കാന്‍ ഡി ജോങ്ങിനെ വില്‍ക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബാഴ്‌സലോണക്ക് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയും സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് ഗുണ്ടോഗന്‍ ബാഴ്സയിലെത്തുന്നത്. കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പുറമെ ട്രെബിള്‍ എന്ന അപൂര്‍വം നേട്ടം കൊയ്യാന്‍ ഇത്തവണ മാന്‍ സിറ്റിക്ക് സാധിച്ചിരുന്നു.
പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങളിലും മുത്തമിടാന്‍ സിറ്റിക്ക് സാധിച്ചിരുന്നു. നിര്‍ണായക സമയത്ത് ഗോളടിച്ചും കളി നിയന്ത്രിച്ചും ടീമിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ താരത്തിനായി
2016ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഗുണ്ടോഗന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്കൊപ്പം 14 കിരീട നേട്ടങ്ങളില്‍ പങ്കാളിയാകാന്‍ താരത്തിന് സാധിച്ചു.
അഞ്ച് പ്രീമിയര്‍ ലീഗ്, രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്യൂണിറ്റി ഷീല്‍ഡ്, ഒരു ചാമ്പ്യന്‍സ് ലീഗ് എന്നിവയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുള്ള ഗുണ്ടോഗന്റെ നേട്ടം.
ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബിലെത്തിയ ഗുണ്ടോഗനെ രണ്ട് വര്‍ഷത്തെ കരാറിലാണ് ബാഴ്സലോണ സൈന്‍ ചെയ്യിച്ചത്. ഇരുകൂട്ടരുടെയും താത്പര്യത്തിനനുസരിച്ച് വേണമെങ്കില്‍ 2026 വരെ കരാര്‍ നീട്ടാനും അവസരമുണ്ട്.