|

ബാഴ്‌സലോണയില്‍ വന്‍ അഴിച്ചുപണി; നാല് താരങ്ങളെ ഉടന്‍ റിലീസ് ചെയ്യും

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പാ ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ക്വാളിഫിക്കേഷന്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ എഫ്.സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങിയിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡ് ബാഴ്‌സയെ കീഴ്‌പ്പെടുത്തിയത്. ഇതോടെ യുണൈറ്റഡ് ബാഴ്സയെ ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ബാഴ്‌സലോണക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുണൈറ്റഡിന് നേരെ തോല്‍വി വഴങ്ങിയതോടെ നാല് താരങ്ങളെയാണ് ബാഴ്‌സലോണ പുറത്താക്കാനൊരുങ്ങുന്നത്.

ഡിയോറോ ഗോളിന്റെ റിപ്പോര്‍ട്ട് പ്രകാരം റഫീഞ്ഞ, ഫ്രാങ്ക് കെസ്സി, സെര്‍ജി റോബര്‍ട്ടോ, അന്‍സു ഫാറ്റി എന്നീ താരങ്ങളെയാണ് റിലീസ് ചെയ്യുന്നത്.

യുണൈറ്റഡിനെതിരെയുള്ള ആദ്യ പാദത്തില്‍ റഫീഞ്ഞ ഒരു ഗോള്‍ നേടിയെങ്കിലും രണ്ടാം പാദത്തില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ലീഡ്‌സില്‍ നിന്നെത്തിയതിന് ശേഷം താരത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നതല്ല എന്നതിനാലാണ് റഫീഞ്ഞയെ വിട്ടയക്കാന്‍ ബാഴ്‌സ തീരുമാനിച്ചത്. 33 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ മാത്രമാണ് റഫീഞ്ഞ ബാഴ്‌സക്കായി നേടിയത്.

കെസ്സിയും കഴിഞ്ഞ സമ്മറില്‍ ബാഴ്‌സയിലെത്തിയതിന് ശേഷം മോശം ഫോം തുടരുകയാണ്. 27 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് താരത്തിന്റെ ബാഴ്‌സയിലെ സമ്പാദ്യം.

അതേസമയം ബാഴ്‌സയുമായുള്ള കരാര്‍ അവസാനിരിക്കെ റോബര്‍ട്ടോയുടെ കരാര്‍ പുതുക്കുന്നില്ലെന്നാണ് മാനേജ്‌മെന്റ് തീരുമാനം. മെസിയുടെ പത്താം നമ്പര്‍ ജേഴ്‌സിയിലെത്തിയ താരമായിരുന്നു അന്‍സു ഫാറ്റി.

പരിക്കുകളെ തുടര്‍ന്ന് താരത്തിനും ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ബാഴ്‌സക്കായി കളിച്ച 34 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് ഫാറ്റി അക്കൗണ്ടിലാക്കിയത്.

Content Highlights: Barcelona want to sell four players after loss to Manchester United in the Europa League