ബുണ്ടസ് ലീഗ സൂപ്പര്‍ ക്ലബ്ബ് ഫ്രാങ്ക്‌ഫോര്‍ട്ടിന്റെ പ്രതിരോധ താരം ഇവാന്‍ എന്‍ഡിക (Evan Ndica)യെ ടീമിലെത്തിക്കാനൊരുങ്ങി ബാഴ്‌സലോണ. സ്‌പോര്‍ട് വണ്ണിന്റെ ക്രിസ്റ്റഫര്‍ മൈക്കലിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്പാനിഷ് വമ്പന്‍മാര്‍ എന്‍ഡികയുമായി വാക്കാല്‍ കരാറിലെത്തിയിട്ടുണ്ട്.
2020-21ലെ ബുണ്ടസ് ലീഗ ടീം ഓഫ് ദി സീസണില്‍ സ്ഥാനം പിടിച്ച എന്‍ഡികയെ ലക്ഷ്യമിട്ട് ഇതിനോടകം തന്നെ ആഴ്‌സണല്‍ അടക്കമുള്ള യൂറോപ്യന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ട്.
സീസണില്‍ ഫ്രാങ്ക്‌ഫോര്‍ട്ടിന്റെ നിര്‍ണായക സാന്നിധ്യമായിരുന്നു എന്‍ഡിക. സീസണില്‍ ഫ്രാങ്ക്‌ഫോര്‍ട്ടിനായി 29 മത്സരം കളിച്ച താരം ടീമിനൊപ്പം ആകെ 168 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ സീണില്‍ ഫ്രാങ്ക്‌ഫോര്‍ട്ട് യുവേഫ യൂറോപ്പാ ലീഗ് കിരീടം ചൂടിയപ്പോള്‍ ടീമിനൊപ്പം എന്‍ഡികയുമുണ്ടായിരുന്നു.
എന്‍ഡികക്ക് പുറമെ അത് ലറ്റിക്കോ ബില്‍ബാവോ താരം ഇനിഗോ മാര്‍ട്ടീനസിനെയും ബാഴ്‌സ ലക്ഷ്യമിടുന്നുണ്ട്. എന്നിരുന്നാലും എന്‍ഡികയെ തന്നെ ടീമിലെത്തിക്കാനാണ് കറ്റാലന്‍ ക്ലബ്ബ് ഉദ്ദേശിക്കുന്നത്.
ഈ സമ്മറില്‍ ഫ്രാങ്ക്‌ഫോര്‍ട്ടുമായി എന്‍ഡികയുടെ കരാര്‍ അവസാനിക്കും. ഈ സമ്മറില്‍ താരം ബാഴ്‌സയിലെത്തുകയാണെങ്കില്‍ അരൗജയുടെയും കൗണ്ടേയുടെയും ബാക്കപ്പായി ബാഴ്‌സ താരത്തെ പരിഗണിക്കും.
അതേസമയം, ലാ ലീഗയില്‍ ബാഴ്‌സലോണ മുന്നേറ്റം തുടരുകയാണ്. ചിര വൈരികളായ റയല്‍ മാഡ്രിഡുമായി 11 പോയിന്റിന്റെ വ്യത്യാസമാണ് ബാഴ്‌സക്കുള്ളത്.
21 മത്സരത്തില്‍ നിന്നും 18 ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 56 പോയിന്റാണ് ബാഴ്‌സക്കുള്ളത്. 20 മത്സരത്തില്‍ നിന്നും 14 ജയവുമായി 45 പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള റയലിനുള്ളത്.
യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ക്യാമ്പ് നൗ ആണ് വേദി.
Content Highlight: Barcelona trying to sign Frankfurt star Evan Ndica, reports