| Saturday, 11th March 2023, 8:51 pm

അനിയാ നിൽ; യുവതാരത്തോട് ക്ലബ്ബിൽ തുടരാൻ അഭ്യർത്ഥിച്ച് ബാഴ്സലോണ; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യൻസ് ലീഗിലും പിന്നീട് യൂറോപ്പാ ലീഗിലും മോശം പ്രകടനം കാഴ്ചവെച്ച് പുറത്താകേണ്ടി വന്നെങ്കിലും ലാ ലിഗയിൽ മികവോടെ മുന്നേറുകയാണ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണ.

നിലവിലെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയലിനെ സൈഡാക്കിയാണ് ബാഴ്സ മികച്ച പ്രകടനം പുറത്തെടുക്കുന്നത്.

എന്നാലിപ്പോൾ ക്ലബ്ബ്‌ വിടാനൊരുങ്ങുന്ന യുവതാരമായ ഇനാക്കി പെനയെ ക്ലബ്ബിൽ പിടിച്ചുനിർത്താനുള്ള കഠിന ശ്രമത്തിലാണ് കാറ്റലോണിയൻ ക്ലബ്ബ് എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.

ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെ മെയിൻ ടീമിലേക്കെത്തിയ ഇനാക്കിയുടെ ക്ലബ്ബുമായുള്ള കരാർ ഈ മാർച്ച് മാസം പൂർത്തിയാകുന്നതോടെ അവസാനിക്കും. ഇതോടെ താരം ക്ലബ്ബ്‌ വിട്ടേക്കുമെന്ന് സൂചനകളുണ്ട്.

ഇതോടെയാണ് താരത്തെ ക്ലബ്ബിൽ പിടിച്ചു നിർത്താനുള്ള ശ്രമങ്ങളുമായി ബാഴ്സ മുന്നോട്ട് പോകുന്നത്.


ഈ സീസണിൽ ആകെ മൂന്ന് തവണ മാത്രമേ ബാഴ്സക്കായി ഗോൾ വല കാക്കാൻ പെനക്കായുള്ളുവെങ്കിലും ഗോൾ വലക്ക് കീഴിലെ താരത്തിന്റെ പ്രതിഭയാണ് ബാഴ്സയെ താരത്തെ ക്ലബ്ബിൽ പിടിച്ചു നിർത്താൻ പ്രേരിപ്പിക്കുന്ന അടിസ്ഥാന ഘടകം.

ഫെറാൻ മാർട്ടീനെസിന്റെയും മുണ്ടോ ഡീപോർട്ടോവോയുടെയും റിപ്പോർട്ടുകൾ പ്രകാരം ചുരുങ്ങിയത് ഒരു വർഷമെങ്കിലും താരം ക്ലബ്ബിൽ തുടരണമെന്നാണ് ബാഴ്സ മാനേജ്മെന്റിന്റെ തീരുമാനം.

എന്നാൽ താരത്തിന് സമ്മതമെങ്കിൽ 2026 വരെ നീളുന്ന ഒരു കരാർ ഇനാക്കി പെനക്ക് നൽകാൻ ബാഴ്സക്ക് താൽപര്യമുണ്ടെന്നും ഡീപോർട്ടോവോ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഭാവിയിലേ കാറ്റലോണിയൻ സ്‌ക്വാഡിലെ ഒന്നാം നമ്പർ ഗോൾ കീപ്പറായി ഉയരാൻ താരത്തിന് പ്രാപ്ത്തിയുണ്ടെന്നും ബാഴ്സ മാനേജ്മെന്റിന് അഭിപ്രായമുണ്ട്.

അതേസമയം ലാ ലിഗയിൽ നിലവിൽ 24 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളോടെ 62 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. മാർച്ച് 13ന് അത് ലെറ്റിക്ക് ക്ലബ്ബിനെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.

Content Highlights:Barcelona trying hard to convince Inaki Pena stay for another season

We use cookies to give you the best possible experience. Learn more