| Friday, 7th April 2023, 10:42 pm

മെസിയെ മാത്രമല്ല; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ മെഷീനെയും ബാഴ്സലോണ സ്വന്തമാക്കും; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോൾ ലോകം വീണ്ടും ട്രാൻസ്ഫർ സംബന്ധമായ വാർത്തകളിൽ സജീവമാണ്. ജനുവരി ട്രാൻസ്ഫർ വിൻഡോ റൊണാൾഡോയെ സംബന്ധിച്ച ട്രാൻസ്ഫർ വാർത്തകളും അഭ്യൂഹങ്ങളും കൊണ്ട് സജീവമായിരുന്നെങ്കിൽ വരുന്ന ജൂണിൽ പി.എസ്.ജിയിൽ കരാർ അവസാനിക്കുന്ന മെസിയെ സംബന്ധിച്ച വാർത്തകളാണ് ഫുട്ബോൾ ലോകത്ത് സജീവമായി നിലനിൽക്കുന്നത്.

ജൂൺ മാസത്തിൽ പി.എസ്.ജിയുമായുള്ള കരാർ പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജന്റായി മാറുന്ന മെസിയെ സ്വന്തമാക്കാനായി ബാഴ്സലോണ, ഇന്റർ മിലാൻ, ഇന്റർ മിയാമി, അൽ ഹിലാൽ മുതലായ ക്ലബ്ബുകൾ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ താരം പി.എസ്.ജിയുമായുള്ള കരാർ പുതുക്കിയില്ലെങ്കിൽ ബാഴ്സലോണയിലേക്ക് തന്നെ മടങ്ങിയേക്കുമെന്നാണ് ഫുട്ബോൾ വിദഗ്ധരടക്കം വിലയിരുത്തുന്നത്.

എന്നാൽ സാവിയുടെ കളി ശൈലിക്കനുസരിച്ച് ബാഴ്സയെ മൊത്തത്തിൽ അഴിച്ചുപണിയാൻ ഒരുങ്ങുന്ന ബാഴ്സ മെസിക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരത്തെക്കൂടി തങ്ങളുടെ ക്ലബ്ബിലെത്തിക്കാൻ ശ്രമം നടത്തുന്നു എന്ന റിപ്പോർട്ടുകളിപ്പോൾ പുറത്ത് വരികയാണ്.

സ്പോർട്സ് ജേർണലിസ്റ്റായ വിക്ടർ മാലോയാണ് ബാഴ്സലോണ നടത്താൻ തയ്യാറായിരിക്കുന്ന പുതിയ സൈനിങ്ങുകളെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മധ്യ നിരയിൽ ഒരു ക്രിയേറ്റീവ് മിഡ് ഫീൽഡറെ അത്യാവശ്യമായി സൈൻ ചെയ്യാനൊരുങ്ങുന്ന ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരമായ ബെർണാഡോ സിൽവയെയാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്ന് വിക്ടർ മാലോ തന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

കൂടാതെ മെസിക്കൊപ്പം ബാഴ്സലോണയിലെ മുന്നേറ്റനിരക്ക് കരുത്തായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും മാർക്കസ് റാഷ്ഫോർഡിനെക്കൂടി തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാൻ ബാഴ്സ ശ്രമം നടത്തുന്നുണ്ട് എന്ന് വിക്ടർ മാലോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റാഷ്ഫോർഡിനെ സൈൻ ചെയ്യാൻ സാധിച്ചില്ലെങ്കിൽ എ.സി മിലാൻ താരമായ റാഫേൽ ലിയോയെയാണ് ബാഴ്സലോണ സൈൻ ചെയ്യാനായി ശ്രമം നടത്തുന്നത്.

എന്നാൽ യുണൈറ്റഡും മിലാനും തങ്ങളുടെ സ്‌ക്വാഡിന്റെ ഒഴിച്ചു കൂട്ടാൻ സാധിക്കാത്ത ഘടകങ്ങളായ താരങ്ങളെ ബാഴ്സക്ക് വിട്ടു നൽകാൻ തയ്യാറായേക്കില്ല എന്നാണ് ഇരു ക്ലബ്ബുകളുടെയും ആരാധക പ്രതീക്ഷ.

അതേസമയം ലാ ലിഗയിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 23 വിജയങ്ങളോടെ 71 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.

ഏപ്രിൽ 11ന് ജിറോണക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:barcelona try to sign Lionel Messi and marcus rashford reports

We use cookies to give you the best possible experience. Learn more