ലോക ഫുട്ബോളിലെ പരസ്പരം ശത്രുതാ മനോഭാവം വെച്ച് പുലർത്തുന്ന ക്ലബ്ബുകളിൽ ഏറ്റവും പ്രസിദ്ധമായതാണ് റയലും ബാഴ്സലോണയും. പ്രാദേശികപരമായും രാഷ്ട്രീയപരമായും സ്പെയ്ന്റെ രണ്ട് മുഖങ്ങളെയാണ് ഇരു ക്ലബ്ബുകളും പ്രതിനിധീകരിക്കുന്നത്. അതിനാൽ തന്നെ രണ്ട് ക്ലബ്ബുകളും പരസ്പരം ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ മത്സരങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർ കാണുന്ന മത്സരങ്ങളിൽ ഒന്നാണ്.
ഇത്തവണ ലീഗ് ടൈറ്റിൽ നേടാനുള്ള പോരാട്ടത്തിൽ കനത്ത മത്സരം നടത്തുകയാണ് ഇരു ക്ലബ്ബുകളും. ഈ പോരാട്ടത്തിൽ മുൻതൂക്കം നേടിയെടുക്കാനായി സീരി.എയിൽ നിന്നും താരത്തെ സൈൻ ചെയ്യാനുള്ള ശ്രമത്തിലാണ് ബാഴ്സ.
യുവന്റസ് ക്ലബ്ബിന്റെ സ്ട്രൈറക്കറായ ദുശൻ വ്ലാഹോവിച്ചിനെയാണ് ബാഴ്സ ജനുവരി ട്രാൻസ്ഫർ അവസാനിക്കും മുമ്പ് ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർട്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ബാഴ്സയിൽ മിന്നും ഫോമിൽ കളിക്കുന്ന 35വയസുകാരൻ റോബർട്ട് ലെവൻഡോസ്കിയുടെ പിൻഗാമിയായാണ് താരത്തെ ടീമിലെത്തിക്കാൻ ബാഴ്സലോണ ശ്രമം നടത്തുന്നത്.
സാമ്പത്തിക തിരിമറികളെ തുടർന്ന് ലീഗിൽ 15 പോയിന്റുകൾ വെട്ടിക്കുറക്കപ്പെട്ട് പത്താം സ്ഥാനത്തേക്ക് തരം താഴ്ത്തപ്പെട്ട യുവന്റസിന് ഇപ്പോൾ ഫുട്ബോൾ മാർക്കറ്റിൽ പണം വിനിമയം ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്.
ഈ സാഹചര്യം മുതലെടുത്ത് 80 മില്യൺ യൂറോ നൽകി വ്ലാഹോവിച്ചിനെ ബാഴ്സലോണയിലേക്ക് എത്തിക്കാനാണ് ക്ലബ്ബ് ശ്രമം നടത്തുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
യുവന്റസിൽ നിന്നും 22കാരനായ താരത്തെ സ്വന്തം ക്യാമ്പിലെത്തിക്കാൻ ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ ശ്രമം നടത്തുന്നുണ്ട്. ഒരു പ്രോപ്പർ സ്ട്രൈക്കറെ അത്യാവശ്യമായും ടീമിൽ ഉൾപ്പെടുത്തേണ്ട അവസ്ഥയിലുള്ള ആഴ്സണലിൽ നിന്നും മാൻ യുണൈറ്റഡിൽ നിന്നും വലിയ മത്സരങ്ങൾ വ്ലാഹോവിച്ചിനെ ടീമിലെത്തിക്കാൻ ബാഴ്സലോണക്ക് നേരിടേണ്ടി വരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സീരി.എ ക്ലബ്ബ് ഫ്ലോറന്റീനയിൽ നിന്നും 75 മില്യൺ യൂറോ നൽകിയാണ് താരത്തെ യുവന്റസ് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്തിരുന്നത്. ഇത് വരെ 36 മത്സരങ്ങളിൽ നിന്നും 16 ഗോളുകൾ യുവന്റസിനായി നേടാൻ വ്ലാഹോവിച്ചിന് സാധിച്ചു.
2025-2026 സീസൺ വരെയാണ് താരത്തിന് ഇറ്റാലിയൻ ക്ലബ്ബിൽ കരാറുള്ളത്. അതിനാൽ തന്നെ വലിയ റിലീസ് ക്ലോസ് തന്നെ വ്ലാഹോവിച്ചിനായി യുവന്റസ് മുന്നോട്ട് വെക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights:Barcelona try to sign Dusan Vlahovic; Report