ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ കളിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ലീഗിലെ മുന്നണിപ്പോരാളികളായ ആഴ്സണലിന് തൊട്ട് പിന്നാലെ ലീഗ് കിരീടം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി വൻ കുതിപ്പ് നടത്തുന്നുണ്ട്.
ഹാട്രിക്ക് പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് ട്രോഫിയും ലക്ഷ്യമിട്ട് മുന്നേറുന്ന ക്ലബ്ബ് തങ്ങളുടെ സൂപ്പർ താരങ്ങളിലൊരാളെ വിൽക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.
ലാ ലിഗയിലെ വമ്പൻമാരായ കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണക്കാണ് സിറ്റി തങ്ങളുടെ സൂപ്പർ താരങ്ങളിലൊരാളെ വിൽക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സിറ്റിയിൽ നിന്നും തങ്ങളുടെ തട്ടകത്തിലേക്ക് ബെർണാഡോ സിൽവയെയാണ് ബാഴ്സ എത്തിക്കാൻ ശ്രമം നടത്തുന്നത്.
65 മില്യൺ യൂറോയാണ് സിൽവക്കായി ബാഴ്സലോണയിട്ടിരിക്കുന്ന തുക. ഡെയ്ലി സ്പോർട്ടാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2017ൽ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയിൽ നിന്നും 50 മില്യൺ യൂറോ നൽകിയാണ് സിൽവയെ സിറ്റി ഇത്തിഹാദിലേക്കെത്തിച്ചത്.
സിറ്റിക്കൊപ്പം ആറ് വർഷങ്ങളിൽ നിന്നായി 11 ട്രോഫികൾ സ്വന്തമാക്കാൻ സിൽവക്ക് സാധിച്ചിട്ടുണ്ട്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ സിൽവയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ബാഴ്സക്ക് താൽപര്യമുണ്ടായിരുന്നെന്നും എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ട ഡിയോങ്ങിനെ വാങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാലാണ് താരത്തെ സ്വന്തമാക്കുന്നതിൽ ബാഴ്സക്ക് താമസമുണ്ടായതെന്നുമാണ് ഡെയ്ലി സ്പോർട്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്.
സാവിയുടെ കളി ശൈലിയിലേക്ക് ബാഴ്സലോണയെ പരുവപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബാഴ്സയിലേക്ക് കൂടുതൽ താരങ്ങളെ കൊണ്ട് വരാനും ബാഴ്സയിൽ നിന്നും ചില താരങ്ങളെ പുറത്താക്കാനും കാറ്റലോണിയൻ മാനേജ്മെന്റ് തീരുമാനിച്ചത്.
അതേസമയം ലാ ലിഗയിൽ 23 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളുമായി 59 പോയിന്റോടെ ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.