| Saturday, 25th March 2023, 10:19 pm

ബ്രസീല്‍ - മൊറാക്കോ മത്സരത്തിന് 'ചാരന്‍മാരെ' അയക്കാനൊരുങ്ങി ബാഴ്‌സലോണ; സാവിയുടെ ലക്ഷ്യം വേറെ ലെവല്‍; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീല്‍ – മൊറോക്കോ സൗഹൃദ മത്സരത്തില്‍ നാല് താരങ്ങളുടെ കളി സസൂക്ഷം നിരീക്ഷിക്കാന്‍ സ്‌കൗട്ടുകളെ അയക്കാനൊരുങ്ങി ബാഴ്‌സലോണ.

ബ്രസീലിയന്‍ വണ്ടര്‍ കിഡ് വിടോര്‍ റോക്വേ, മൊറോക്കന്‍ താരം ആബ്ദെ എസാല്‍സൗലി, മൊറോക്കോയുടെ വേള്‍ഡ് കപ്പ് ഹീറോ സോഫിയന്‍ അമ്രബാത്, ചാഡി റിയാദ് എന്നിവരെ നിരീക്ഷിക്കാനാണ് ബാഴ്‌സ ഒരുങ്ങുന്നത്.

മത്സരത്തില്‍ തങ്ങളുടെ രണ്ട് യുവതാരങ്ങളുടെ പ്രകടനവും തങ്ങള്‍ ലക്ഷ്യം വെക്കുന്ന രണ്ട് താരങ്ങളെയും ബാഴ്‌സലോണയുടെ സ്‌കൗട്ടുകള്‍ കൃത്യമായി ‘മാര്‍ക്’ ചെയ്യുമെന്ന് മുണ്ടോ ഡിപ്പോര്‍ട്ടീവോയുടെ റോജര്‍ ടോറെല്ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

18കാരനായ വിടോര്‍ റോക്വേയുടെ അന്താരാഷ്ട്ര അരങ്ങേറ്റമായിരിക്കും മൊറോക്കോക്കെതിരായ മത്സരത്തില്‍ നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. കാംപിയനാറ്റോ പാരാനിയെന്‍സെയിലെ നാല് മത്സരത്തില്‍ നിന്നും നാല് മൂന്ന് ഗോള്‍ നേടിയ താരത്തെ നിലവിലെ ബ്രസീല്‍ കോച്ച് റാമോണ്‍ മെനെസെസ് സ്‌ക്വാഡിലേക്ക് വിളിക്കുകയായിരുന്നു. റോക്വെയാണ് ബാഴ്‌സ ലക്ഷ്യം വെക്കുന്ന രണ്ട് പേരില്‍ ഒരാള്‍.

2022 ലോകകപ്പില്‍ മൊറോക്കോന്‍ മിറാക്കിളായി മാറിയ സോഫിയന്‍ അമ്രബാതാണ് ബാഴ്‌സ ലക്ഷ്യം വെക്കുന്ന അടുത്ത താരം. ലോകകപ്പില്‍ മൊറോക്കോയെ സെമിയിലെത്തിച്ചതില്‍ ഈ 26കാരന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

ബാഴ്‌സക്കൊപ്പം ടോട്ടന്‍ഹാം ഹോട്‌സ്പറും അമ്രബാത്തിന് പിന്നാലെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒസാസുനയില്‍ നിന്നും ബാഴ്‌സലോണ ലോണിലെത്തിച്ച ആബ്ദെയുടെ പ്രകടനവും ടീം നിരീക്ഷിക്കും. 23 കാരനായ ഈ വിങ്ങര്‍ ഇതുവരെ കളിച്ച 23 മത്സരത്തില്‍ നിന്നും മൂന്ന് ഗോളും രണ്ട് അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.

കറ്റാലന്‍ പടയിലെ 19കാരന്‍ ഡിഫന്‍ഡറായ ചാഡി റിയാദാണ് സ്‌കൗട്ടുകളുടെ മൈക്രോസ്‌കോപിക് വിഷനില്‍ ഉള്‍പ്പെടുന്ന നാലാമത് താരം. ബാഴ്‌സയുടെ റിസര്‍വ് ടീമില്‍ മികച്ച പ്രകടനമാണ് റിയാദ് നടത്തുന്നത്.

ലാ ലീഗയിലെ ഒരു മത്സരത്തിലേതടക്കം 31 മത്സരങ്ങളാണ് താരം കളിച്ചത്. ഈ മത്സരങ്ങളില്‍ നിന്നുമായി മൂന്ന് ഗോള്‍ നേടുകയും ടീമിനെ 15 ക്ലീന്‍ ഷീറ്റ് നേടുന്നതില്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 26 പുലര്‍ച്ചെയാണ് (ഇന്ത്യന്‍ സമയം 3.30) ബ്രസീല്‍ മൊറോക്കോക്കെതിരെ കളത്തിലിറങ്ങുന്നത്. ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീല്‍ അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുന്നത്.

Content Highlight: Barcelona to send scouts to watch Brazil – Morocco match

We use cookies to give you the best possible experience. Learn more