| Tuesday, 20th September 2022, 6:33 pm

എല്ലാണ്ണവും കടക്ക് പുറത്ത്; ബാഴ്‌സലോണയില്‍ വമ്പന്‍ അഴിച്ചുപണി; സൂപ്പര്‍താരങ്ങളടക്കം പുറത്തുപോകും

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയില്‍ വീണ്ടും വമ്പന്‍ അഴിച്ചുപണിയെന്ന് റിപ്പോര്‍ട്ട്. ബാഴ്സയിലെ കോച്ചായ സാവി ടീമിലെ മൂന്ന് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ മുണ്ടോ ഡിപ്പോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സീസണുകളില്‍ ഒരു ട്രോഫി പോലും നേടാന്‍ സാധിക്കാത്തതിനാല്‍ 2022-23 സീസണില്‍ ടീമിനെ മികച്ച ഫോമിലെത്തിക്കാനുള്ള നീക്കത്തിലാണ് സാവി. അടുത്ത മത്സരത്തില്‍ ടീമില്‍ ചിലരെ ബെഞ്ചിലിരുത്താന്‍ ആണ് അദ്ദേഹത്തിന്റെ തീരുമാനം. ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ സീനിയോറിറ്റിക്ക് ഒരു പങ്കുമില്ലെന്ന് സാവി തന്റെ ടീമിനെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സാവിയുടെ പുതിയ നീക്കം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ജെറാര്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ എന്നിവരെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വേനല്‍ക്കാല ട്രാന്‍സ്ഫറില്‍ വലിയ നിക്ഷേപം നടത്തിക്കൊണ്ടാണ് ബാഴ്സലോണ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റാഫിന്യ, ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സന്‍, ജൂള്‍സ് കൗണ്ടെ എന്നിവരെ സ്വന്തമാക്കിയത്.

സാവിയുടെ പുതിയ നീക്കത്തിലുള്ള ബാഴ്‌സയില്‍, പിക്വെ, ബുസ്‌ക്വെറ്റ്‌സ്, ആല്‍ബ എന്നിവരെ മത്സരിപ്പിക്കാന്‍ സാധ്യതയില്ല, അവരെ ബെഞ്ചിലിരുത്താന്‍ ആണ് തീരുമാനം. അതേസമയം മറ്റ് താരങ്ങള്‍ക്ക് മത്സരത്തിലുള്ള റോളുകളില്‍ സാവി പുതിയ നയം സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം എല്‍ചെക്കെതിരെ ബാഴ്സലോണ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 34ാം മിനിട്ടില്‍ ബാല്‍ഡെ നല്‍കിയ അസിസ്റ്റില്‍ ലെവന്‍ഡോസ്‌കിയാണ് ബാഴ്സക്കായി ആദ്യം ഗോള്‍ നേടിയത്. പിന്നീട് ബാല്‍ഡെയുടെ രണ്ടാം അസിസ്റ്റില്‍ മെംഫിസ് ഡിപെ ബാഴ്സയുടെ ലീഡ് ഉയര്‍ത്തുകയായിരുന്നു. 48ാം മിനിറ്റില്‍ ലെവ തന്റെ രണ്ടാം ഗോള്‍ നേടി ബാഴ്സയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ലെവന്‍ഡോസ്‌കി ബാഴ്സക്കൊരു മുതല്‍ക്കൂട്ടാകുമെന്ന് ആരാധകര്‍ ഇതിനകം പ്രസ്താവിച്ച് കഴിഞ്ഞു. മത്സരത്തിന് ശേഷം ലെവന്‍ഡോസ്‌കിയേയും ബാഴ്സയെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്.

Content Highlight: Barcelona to Release superstars

We use cookies to give you the best possible experience. Learn more