|

കണ്ണുവെക്കുന്നത് മാണിക്യത്തെ; ബാഴ്‌സയില്‍ ലെവന്‍ഡോസ്‌കിയുടെ പിന്‍ഗാമി ഇനി ഇവന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആര്‍.ബി ലീപ്‌സീഗിന്റെ യുവതാരം ബെഞ്ചമിന്‍ സെസ്‌കോയെ ബാഴ്‌സലോണ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പകരക്കാരനായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരത്തെ ലക്ഷ്യമിട്ടിരുന്ന 20കാരനെ ബ്ലൂഗ്രാന നോട്ടമിടുന്നത്.

ആര്‍.ബി സാല്‍സ്‌ബെഗില്‍ നിന്നുമാണ് സെസ്‌കോ ആര്‍.ബി ലീപ്‌സീഗിലെത്തിയത്. കളിച്ച രണ്ട് മത്സരത്തില്‍ നിന്നും രണ്ട് തവണ എതിരാളികളുടെ ഗോള്‍ വലയിലേക്ക് നിറയൊഴിച്ചാണ് ഈ സ്ലോവേനിയന്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ചകളിലേക്കുയര്‍ന്നത്.

കഴിഞ്ഞ സീസണില്‍ സാല്‍സ്‌ബെര്‍ഗിന് വേണ്ടിയും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 41 മത്സരത്തില്‍ നിന്നും 18 തവണ ഗോളടിച്ചും നാല് തവണ ഗോളടിപ്പിച്ചും താരം ആരാധകരുടെ കയ്യടികളേറ്റുവാങ്ങി.

ബാഴ്‌സ ന്യൂസ് നെറ്റ്‌വര്‍ക്കിലെ ജേണലിസ്റ്റായ ഫ്രാന്‍സിസ്‌കോ അഗ്വിലര്‍ പറയുന്നതനുസരിച്ച് സെസ്‌കോയുടെ ഫിസിക്കാലിറ്റിയിലും ഹൈറ്റിലും സ്പീഡിലും കറ്റാലന്‍മാര്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. താരം സാല്‍സ്‌ബെര്‍ഗിന്റെ റിസര്‍വ് ടീമായ എഫ്.സി ലിഫറങ്ങിലുള്ളപ്പോള്‍ മുതല്‍ക്കുതന്നെ ടീം സെസ്‌കോയെ നിരീക്ഷിച്ചുവന്നിരുന്നു.

സാല്‍സ്‌ബെര്‍ഗിനായി കളിച്ച ആകെ 79 മത്സരത്തില്‍ നിന്നും 29 ഗോളും 11 അസിസ്റ്റുമാണ് താരം നേടിയത്. ഇതില്‍ 2021-22 സീസണിലെ ഓസ്ട്രിയന്‍ ഡബിളും കഴിഞ്ഞ സീസണിലെ ലീഗ് കിരീടവും ഉള്‍പ്പെടുന്നു.

അതേസമയം, സീസണിലെ നാല് മത്സരത്തില്‍ നിന്നും രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പ്രകടനത്തില്‍ സാവി പൂര്‍ണ തൃപ്തനല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സമ്മറില്‍ 24 മില്യണ്‍ യൂറോക്കാണ് താരം ലീപ്‌സീഗിലെത്തിയത്. അഞ്ച് വര്‍ഷത്തേക്കാണ് താരത്തിന് ലീപ്‌സീഗില്‍ കരാറുള്ളത്. എന്നാല്‍ സെസ്‌കോയെ ടീമിലെത്തിക്കാനുള്ള ട്രാന്‍സ്ഫര്‍ ഫീയുടെ കാര്യം ബാഴ്‌സയുടെ മുമ്പില്‍ ഇപ്പോഴും ചോദ്യ ചിഹ്നമായി തുടരുകയാണ്. ഇക്കാരണം കൊണ്ടുതന്നെ ബാഴ്‌സ ഈ നിക്കത്തില്‍ നിന്നും പിന്‍മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിന് പുറമെ മറ്റൊരു താരത്തെയും ബാഴ്‌സ ടീമിലെത്തിക്കാനൊരുങ്ങുന്നുണ്ട്. അത്‌ലറ്റിക്കോ പരാനെന്‍സിന്റെ യുവതാരം വിക്ടര്‍ റോക്വെയെയാണ് കറ്റാലന്‍മാര്‍ തങ്ങളുടെ പാളയത്തിലേക്കെത്തിക്കുന്നത്. 2024 ജൂലൈയില്‍ റോക്വെ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content highlight: Barcelona targets Benjamin Sesko as potential replacement of Robert Lewandowski