ലാ ലിഗയിലെ വമ്പൻ ക്ലബ്ബായ ബാഴ്സലോണയിൽ നിന്നും അവരുടെ സൂപ്പർ താരങ്ങളിലൊരാളായ മെംഫിസ് ഡീപ്പെ ഇപ്പോൾ ക്ലബ്ബ് വിട്ടിരിക്കുകയാണ്.
ഡച്ച് താരമായ ഡീപ്പെ ബാഴ്സയുടെ ലാ ലിഗയിലെ പ്രധാന ഏതിരാളികളിലൊന്നായ അത് ലറ്റിക്കോ മാഡ്രിഡിലേക്കാണ് ചേക്കേറിയിരിക്കുന്നത്.
മൂന്നോ നാലോ മില്യൺ യൂറോക്കിടയിലുള്ള ഒരു തുകക്കാണ് താരത്തെ മാഡ്രിഡ് ക്ലബ്ബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നതെന്നും മെഡിക്കൽ ചെക്കപ്പ് അടക്കമുള്ള ട്രാൻസ്ഫർ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്നുമാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ.
പ്രമുഖ ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റും ഫുട്ബോൾ വിദഗ്ധനുമായ ഫാബ്രിസിയോ റൊമാനോയാണ് തന്റെ സമൂഹ മാധ്യമ ഹാൻഡിലുകളിലൂടെ ട്രാൻസ്ഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
2028 വരെ താരം മാഡ്രിഡ് ക്ലബ്ബിൽ ഉണ്ടാകുമെന്നും റൊമാനോ തന്റെ പോസ്റ്റിൽ കുറിച്ചു.
ബാഴ്സയിൽ റൊണാൾഡ് കൂമൻ പരിശീലകനായിരുന്ന കാലത്താണ് കാറ്റലോണിയൻ ക്ലബ്ബിലേക്ക് ഡീപ്പെ സൈൻ ചെയ്യപ്പെടുന്നത്.
ക്ലബ്ബിനായി കൂമന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ഡച്ച് താരത്തിന് പക്ഷെ പുതിയ പരിശീലകനും ബാഴ്സയുടെ മുൻ താരവുമായിരുന്ന സാവിക്ക് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.
സാവിയുടെ കളി ശൈലിക്കും തന്ത്രങ്ങൾക്കും പറ്റിയ താരമല്ലാത്തതിനാൽ പലപ്പോഴും ബെഞ്ചിൽ ഇരിക്കാനായിരുന്നു ഡീപ്പെയുടെ വിധി. ഇതോടെ ക്ലബ്ബ് വിടാൻ അനുവദിക്കണമെന്ന തരത്തിൽ ഒരു അപേക്ഷ താരം ബാഴ്സലോണ അധികൃതർക്ക് മുന്നിൽ വെക്കുകയും ജനുവരി ട്രാൻസ്ഫറിൽ അത് ലറ്റിക്കോ മാഡ്രിഡിലേക്ക് കൂടുമാറുകയുമായിരുന്നു.
ഇതുവരെ ബാഴ്സ താരമായി കളിച്ച ഡീപ്പെ ഇനിമുതൽ ബാഴ്സയുടെ ഏതിരാളിയായിട്ടാകും സ്പാനിഷ് മൈതാനങ്ങളിൽ മത്സരത്തിനിറങ്ങുക.
അതേസമയം ലാ ലിഗയിൽ 16 മത്സരങ്ങളിൽ നിന്നും 41 പോയിന്റുകളുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. 17 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി അത് ലറ്റിക്കോ മാഡ്രിഡ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
ജനുവരി 22ന് ലാ ലിഗയിൽ ഗെറ്റാഫെക്കെതിരെ ബാഴ്സലോണ മത്സരത്തിനിറങ്ങുമ്പോൾ വല്ലാഡോലിഡ് ക്ലബ്ബിനെയാണ് അത് ലറ്റിക്കോക്ക് നേരിടേണ്ടത്.
Content Highlights:Barcelona superstar leaves club; Now the player is the rival of the club