ഈ സീസണിൽ മികച്ച പ്രകടനമാണ് നിലവിൽ പാരീസ് സെന്റ് ഷെർമാങ്ങിന്റെ സ്‌ട്രൈക്കറും അർജന്റൈൻ ഇതിഹാസവുമായ ലയണൽ മെസി കാഴ്ചവെക്കുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയ മെസിക്ക് തുടക്കത്തിൽ മികച്ച പെർഫോമൻസ് പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് പഴയ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു.
മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ എഫ്.സി ബാഴ്‌സലോണയുടെ യുവ സൂപ്പർതാരം പെഡ്രി.
‘ഭ്രാന്തൻ പ്രകടനമാണ്’ മെസി ഇപ്പോൾ പുറത്തെടുക്കുന്നതാണെന്നാണ് പെഡ്രി പറഞ്ഞത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പെഡ്രി.
”കളിയുടെ കാര്യത്തിൽ അദ്ദേഹം ശുദ്ധ ഭ്രാന്തനാണ്. ഒരു കളിക്കാരനെന്ന നിലയിൽ ഈ പ്രായത്തിലും അദ്ദേഹമൊരു പ്രതിഭയാണെന്ന് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്.
ലോകത്തുള്ള എല്ലാവർക്കും അതറിയുകയും ചെയ്യാം. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ സന്തുഷ്ടനാണ്,’ പെഡ്രി പറഞ്ഞു.
ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ മത്സരത്തിൽ മക്കാബി ഹൈഫയെ 7-2ന് കീഴ്‌പ്പെടുത്തിയ പി.എസ്.ജി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
അതേസമയം ഈ സീസണിൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ബാഴസലോണയുടെ പതനം. വളരെ മോശം ഫോമിലുള്ള പ്രകടനമാണ് ബാഴ്സ പുറത്തെടുത്തത്.
അവസാന കച്ചിത്തുരുമ്പായിരുന്ന മത്സരത്തിൽ ബയേൺ മ്യുണീക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് നിലംപരിശാക്കിയതോടെ ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്സലോണ പുറത്താവുകയും ചെയ്തു.
ടീമിനെ മെച്ചപ്പെടുത്താൻ പരിശീലകൻ സാവി ശ്രമങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് ശക്തമായ വിമർശനങ്ങളാണ് സാവിക്ക് നേരെ ഉയർന്നത്.
Content Highlights: Barcelona star wowed by Lionel Messi’s stunning form for PSG