പാരീസ്: ചൈനയിലെ ന്യൂനപക്ഷമായ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധിച്ച് ബാര്‍സലോണ ടീമംഗവും ഫ്രഞ്ച് ഫുട്‌ബോളറുമായ ആന്റോണിയോ ഗ്രീസ്മാന്‍ ചൈനീസ് കമ്പനി ഹുവായുമായുള്ള ബന്ധം ഉപേക്ഷിച്ചു.
ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ ചൈന നടത്തുന്ന മുഴുവന്‍ സമയ നിരീക്ഷണത്തില്‍ ഹുവായിയുടെ പങ്ക് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി.
ഹുവായിയുടെ ഫേഷ്യല്‍ റഗഗനിഷന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഉയിഗര്‍ മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈന ശേഖരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെയും അദ്ദേഹം അപലപിച്ചു.
ഹുവായിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനമാണ് അദ്ദേഹം രാജിവെച്ചത്. കമ്പനിയുമായുള്ള മുഴുവന്‍ കരാറുകളും റദ്ദുചെയ്യുന്നതായും ഗ്രീസ്മാന്‍ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കമ്പനിയുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്ന വിവരം ഗ്രീസ്മാന്‍ പങ്കുവെച്ചത്.
ഈ ആരോപണങ്ങള്‍ ഹുവായ് നിഷേധിക്കുകയാണെങ്കില്‍ താന്‍ അതിനെ സ്വാഗതം ചെയ്യുമെന്നും, ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരായ പീഡനങ്ങളെ സമൂഹത്തിലെ സ്വാധീനം ഉപയോഗിച്ച് അപലപിക്കാന്‍ ഹുവായിയെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീസ്മാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. ഉയിഗര്‍ അവകാശ സമിതി പ്രവര്‍ത്തകന്‍ ജൂവര്‍ ഇല്‍ഹാം അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുവെന്ന് പറഞ്ഞു. മതന്യൂനപക്ഷമായ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരെ ചൈന കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പത്ത് ലക്ഷത്തിലേറെ ഉയിഗര്‍ മുസ്ലിങ്ങള്‍ ചൈനയില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉയിഗര്‍ മുസ്ലിങ്ങളെ പുതിയ കഴിവുകളും തൊഴിലും പഠിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ് ഈ ക്യാംപുകളെന്നാണ് ചൈനയുടെ അവകാശവാദം.
എന്നാല്‍ ഈ കേന്ദ്രങ്ങളില്‍ ഉയിഗര്‍ മുസ്ലിങ്ങളെ അതിക്രൂരമായ പീഡനത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനും വിധേയമാക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്യാംപുകളില്‍ നിന്നും പുറത്തെത്തിയ പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരുന്നു.
‘ക്യാംപുകളില്‍ പലപ്പോഴും പന്നിമാംസം മാത്രം നല്‍കിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനാവില്ല. ജീവിച്ചിരിക്കണമെങ്കില്‍ മുന്നില്‍ വരുന്ന ഏത് ഭക്ഷണവും ഏത് മാംസവും കഴിച്ചേ മതിയാകൂ.’ 2018ല്‍ അറസ്റ്റിലായി പിന്നീട് ക്യാംപില്‍ നിന്നും രക്ഷപ്പെട്ട ഉംറുകി എന്ന യുവതി വെളിപ്പെടുത്തിയിരുന്നു.
ക്യാംപില്‍ നിന്നും രക്ഷപ്പെട്ട ഡോക്ടറും വിദ്യാഭ്യാസ വിദഗ്ധയുമായ സൈറാഗുല്‍ സൗദ്ബെയും ക്യാംപുകളിലെ പന്നിയിറച്ചി കഴിപ്പിക്കലിനെ കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങളെ നിര്‍ബന്ധിച്ച് പന്നിയിറച്ചി കഴിപ്പിച്ചിരുന്നു. മുസ്ലിങ്ങള്‍ പരിപാവനമായി കരുതുന്ന വെള്ളിയാഴ്ച തന്നെ അവര്‍ ബോധപൂര്‍വം ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ക്രൂരമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമായിരുന്നെന്ന് സൈറാഗുല്‍ വെളിപ്പെടുത്തിയിരുന്നു.