| Monday, 27th March 2023, 9:09 am

മൂന്ന് കണ്ടീഷനുകൾ പാലിച്ചാൽ മെസിയെ സൈൻ ചെയ്യാൻ തയ്യാറെന്ന് ബാഴ്സ; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പാരിസ് ക്ലബ്ബായ പി.എസ്.ജിയിൽ മത്സരിക്കുന്ന മെസിയുടെ ക്ലബ്ബുമായുള്ള കരാർ ജൂണിലാണ് അവസാനിക്കുന്നത്.
അതിന് മുമ്പ് പാരിസ് ക്ലബ്ബുമായുള്ള കരാർ പുതുക്കിയില്ലെങ്കിൽ താരം ഫ്രീ ഏജന്റായി മാറും.

ഇങ്ങനെ സംഭവിച്ചാൽ മെസിയെ സൈൻ ചെയ്യാനായി നിരവധി ക്ലബ്ബുകളാണിപ്പോൾ ശ്രമം നടത്തുന്നത് എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ബാഴ്സലോണ, ഇന്റർ മിയാമി, അൽ ഹിലാൽ എന്നീ ക്ലബ്ബുകൾക്ക് പുറമെ ഇന്റർ മിലാനും മെസിയെ നോട്ടമിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഫിച്ചാജെസ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ മെസിയെ സൈൻ ചെയ്യണമെങ്കിൽ തങ്ങളുടെ മൂന്ന് നിബന്ധനകൾ താരം ഉപാധികൾ കൂടാതെ അംഗീകരിക്കണം എന്ന് ബാഴ്സലോണ ആവശ്യപ്പെട്ടു എന്ന് മുണ്ടോ ഡീപോർട്ടീവയും സ്പോർട്സ് ബൈബിളും അടക്കമുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാഴ്സയിലേക്ക് തിരിച്ചെത്തിയാലും താരത്തിന് മുമ്പ് കാറ്റലോണിയൻ ക്ലബ്ബിലുണ്ടായിരുന്നത്ര പ്രാമുഖ്യം പ്രതീക്ഷിക്കരുത് എന്നതാണ് ബാഴ്സലോണയുടെ ആദ്യത്തെ നിബന്ധന.

കൂടാതെ മെസിയുടെ വേതനവും ക്ലബ്ബിൽ കുറക്കും. കാരണം സാമ്പത്തിക പ്രതിസന്ധികളിൽ പതറുന്ന ക്ലബ്ബിന് മെസിയുടെ ഉയർന്ന വേതനം താങ്ങാൻ ശേഷിയില്ല എന്ന് മുണ്ടോ ഡീപോർട്ടീവോയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ക്ലബ്ബ് പ്രസിഡന്റ്‌ ജോൻ ലപോർട്ടയുമായി നല്ല ബന്ധം സൂക്ഷിക്കണമെന്നതാണ് ബാഴ്സ മുന്നോട്ട് വെക്കുന്ന മറ്റൊരു നിബന്ധന.
കൂടാതെ ബാഴ്സയിൽ ക്യാപ്റ്റൻസി പ്രതീക്ഷിക്കരുതെന്നും ബാഴ്സ മെസിക്ക് മുന്നിൽ വെക്കുന്ന നിബന്ധനകളിൽ ഉൾപ്പെടും.

എന്നാൽ എന്ത്‌ വില കൊടുത്തും മെസിയെ ബാഴ്സയിൽ പിടിച്ചുനിർത്തണമെന്നും 2024 വരെയെങ്കിലും താരത്തിനെ ബാഴ്സലോണയിലേക്ക് ചേക്കേറാൻ അനുവദിക്കരുതെന്നും നേരത്തെ പി.എസ്.ജി മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തിരുന്നു.

2021ൽ ബാഴ്സ വിട്ട് പി.എസ്.ജിയിലേക്ക് പോയ മെസി സാവിയുമായുള്ള മികച്ച ബന്ധത്തിന്റെ പേരിൽ ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുമാണ് ആരാധക പ്രതീക്ഷ.

അതേസമയം ഈ സീസണിൽ ഇതുവരെ 32 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 17 അസിസ്റ്റുകളുമുള്ള മെസിയുടെ കൂടി മികവിൽ 28 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളോടെ 66 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലീഗ് വണ്ണിൽ പി.എസ്.ജി.

ഏപ്രിൽ മൂന്നിന് ലിയോണിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Barcelona set 3 conditions to re-sign Messi reports

We use cookies to give you the best possible experience. Learn more