ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരിക്കലും മാറ്റി നിര്‍ത്തപ്പെടാന്‍ സാധിക്കാത്ത ടീമാണ് എഫ്.സി ബാഴ്‌സലോണ. കാലങ്ങളായി ഫുട്‌ബോളിന്റെ ലോകത്ത് രാജാക്കന്‍മാരായി തന്നെയാണ് ബാഴ്‌സ തുടരുന്നത്.
എന്നാല്‍ കുറച്ചുകാലമായി ബാഴ്‌സലോണയെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. മെസി ടീമില്‍ നിന്നും പോയതും സാമ്പത്തിക പ്രതിസന്ധികളും ബാഴ്‌സയെ അലട്ടുന്നുണ്ട്.
എന്നാലിപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് ബാഴ്‌സലോണ. സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് ടീമിന്റെ ഓവറോള്‍ സ്‌ട്രെങ്ത് വര്‍ധിപ്പിക്കാനാണ് സാവിയുടെ നേതൃത്വത്തില്‍ കറ്റാലന്‍മാര്‍ ഒരുങ്ങുന്നത്.
പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ടീമിലെത്തിച്ചാണ് ബാഴ്‌സ എതിരാളികളെ ഒന്നടങ്കം ഞെട്ടിച്ചത്. പോളണ്ട് ഗോളടിയന്ത്രം ടീമിലെത്തുന്നതോടെ ബാഴ്‌സയുടെ കളി തന്നെ മാറുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.
എന്നാല്‍, ലെവന്‍ഡോസ്‌കി ടീമിലെത്തിയതോടെ പുതിയ ‘പ്രതിസന്ധി’യാണ് ടീമില്‍ ഉടലെടുത്തിരിക്കുന്നത്. താരത്തിന്റെ പേര് കാരണം ജേഴ്‌സി നിര്‍മാണം തന്നെ നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുകയാണ്.
ലെവന്‍ഡോസ്‌കിയുടെ പേരിലെ W ആണ് പ്രശ്‌നങ്ങള്‍ക്കുള്ള കാരണം. പേരില്‍ രണ്ട് W ഉള്ളതിനാല്‍ താരത്തിന്റെ പേരിലുള്ള ജേഴ്‌സിയുടെ പ്രോഡക്ഷന്‍ തത്കാലത്തേക്കെങ്കിലും നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്.
അതേസമയം, നേരത്തെ തയ്യാറാക്കി വെച്ച താരത്തിന്റെ പേരിലുള്ള ജേഴ്‌സി ചൂടപ്പം പോലെയാണ് വിറ്റുപോയത്. അടിച്ച ജേഴ്‌സികള്‍ വിറ്റുപോവുകയും പുതിയ ജേഴ്‌സി അടിക്കാന്‍ പറ്റാതെയുമായതോടെ ലെവന്‍ഡോസ്‌കി ജേഴ്‌സി ലഭിക്കാതെ ആരാധകര്‍ നിരാശരായിരിക്കുകയാണ്.
ക്യാമ്പ് നൗവിലെ നൈക്ക് സ്റ്റോറിലാണ് W ഇല്ലാത്തതിന്റെ പേരില്‍ ജേഴ്‌സിയടിക്കാന്‍ പറ്റാതെ പെട്ടിരിക്കുന്നത്. നൈക്കിന്റെ സ്റ്റോറിലെ ഒരു ജീവനക്കാരന്‍ W ഇല്ലാത്തതുകൊണ്ട് ജേഴ്‌സിയടിക്കാന്‍ പറ്റുന്നില്ല എന്ന് പറയുന്ന വീഡിയോയും വൈറലായിരിക്കുകയാണ്.
ബയേണ്‍ മ്യൂണിക്കില്‍ നിന്നുമാണ് താരം ബാഴ്‌സയിലെത്തിയത്. മൂന്ന് വര്‍ഷത്തെ കരാറിനാണ് താരം ടീമിലെത്തിയിരിക്കുന്നത്.
പോളണ്ട് അന്താരാഷ്ട്ര താരമായ ലെവന്‍ഡോസ്‌കി ബയേണ്‍ മ്യൂണിക്കിനായി ഏഴ് സീസണില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 375 മത്സരം ബയേണില്‍ കളിച്ച അദ്ദേഹം 344 ഗോളുകള്‍ നേടിയിട്ടുണ്ട്. ബയേണിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു ലെവന്‍ഡോസ്‌കി.
ബാഴ്സ മാനേജര്‍ സാവിയുടെ അടുത്ത സീസണിലേക്കുള്ള ഏറ്റവും വലിയ ടാര്‍ഗറ്റായിരുന്നു ലേവന്‍ഡോസ്‌കി. അദ്ദേഹം കൂടിയെത്തിപ്പോള്‍ അടുത്ത സീസണിലേക്കുള്ള ബാഴ്സലോണ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്.
Content Highlight: Barcelona sell out of Lewandowski shirts – after club shop runs out of the letter W to put on jerseys