Sports News
പ്രൈം മെസി-സുവാരസ്-നെയ്മര്‍ സഖ്യത്തിന്റെ റെക്കോഡില്‍ പുതിയ ബാഴ്‌സ; ഫ്‌ളിക്കിന്റെ പടയാളികള്‍ കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2024 Oct 05, 03:51 am
Saturday, 5th October 2024, 9:21 am

ലാ ലിഗ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ. എട്ട് മത്സരത്തില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയുമായാണ് ബാഴ്‌സ ഒന്നാമത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. ഒസാസുനയാണ് ബാഴ്‌സയുടെ അപരാജിത കുതിപ്പിന് തടയിട്ടത്.

എട്ട് മത്സരത്തില്‍ നിന്നും 25 തവണ എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിച്ച ബാഴ്‌സലോണ ഒമ്പത് ഗോള്‍ മാത്രമാണ് വഴങ്ങിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ബാഴ്‌സ സ്വന്തമാക്കിയിരുന്നു. ഒരു സീസണിലെ ആദ്യ എട്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഏറ്റവുമധികം ഗോള്‍ എന്ന നേട്ടത്തിനൊപ്പമാണ് ബാഴ്‌സയെത്തിയത്.

2016-17 സീസണില്‍ എം.എസ്.എന്‍ ത്രയം നേടിയ 25 ഗോളിന്റെ റെക്കോഡിനൊപ്പമാണ് ഹാന്‍സി ഫ്‌ളിക്കിന്റെ കുട്ടികളെത്തിയത്. അന്ന് മെസി-സുവാരസ്-നെയ്മര്‍ എന്നിവര്‍ 16 ഗോളുകളാണ് നേടിയത്. ഇപ്പോള്‍ ലെവന്‍ഡോസ്‌കിയുടെ നേതൃത്വത്തില്‍ റഫീന്യയാണ് ഗോളടിയില്‍ പങ്കാളിയാകുന്നത്.

ബാഴ്‌സലോണയുടെ ചരിത്രത്തിലെ മാത്രമല്ല, ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിരയായിരുന്നു എം.എസ്.എന്‍. 2014 മുതല്‍ 2017 വരെ ബാഴ്‌സയെ പല തവണ കിരീടങ്ങളിലേക്കെത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

എം.എസ്.എന്നിന്റെ കരുത്തിലാണ് 2014-15 സീസണില്‍ ലൂയീസ് എന്റിക് ബാഴ്‌സക്ക് രണ്ടാം ട്രെബിള്‍ സമ്മാനിക്കുന്നത്. 2017ല്‍ നെയ്മര്‍ ബാഴ്‌സ വിട്ട് പാരീസ് സെന്റ് ജെര്‍മെയ്‌നിലേക്ക് പോകുന്നത് വരെ 364 തവണയാണ് മൂവരും എതിര്‍ ഗോള്‍വല ചലിപ്പിച്ചത്.

2014-15 സീസണില്‍ 122 ഗോളും 66 അസിസ്റ്റുമായി തിളങ്ങിയ എം.എസ്.എന്‍, 2015-16ല്‍ 131 ഗോളും 79 അസിസ്റ്റും സ്വന്തമാക്കി. 111 ഗോളും 66 അസിസ്റ്റുമാണ് എം.എസ്.എന്‍ തങ്ങളുടെ അവസാന സീസണില്‍ സ്വന്തമാക്കിയത്.

അതേസമയം, മികച്ച പ്രകടനം തുടരുന്ന ബാഴ്‌സ കിരീടം തന്നെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. മുന്‍ ബയേണ്‍ പരിശീലകന് കറ്റാലന്‍മാരെ കിരീടത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ലാ ലിഗയിലാണ് ബാഴ്‌സുടെ അടുത്ത മത്സരം. വിക്ടോറിയ ഗാസ്റ്റീസിലെ മെന്‍ഡിസൊറോസ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഡിപ്പോര്‍ട്ടീവോ അലാവസാണ് എതിരാളികള്‍.

 

Content highlight: Barcelona scored 25 goals in first 8 matches, equals 2015-16 season’s record