തിരുമ്പി വന്തുട്ടേന് സൊല്ല്; പഴയ ഫോമിലേക്ക് തിരിച്ചെത്തി ബാഴ്സലോണ താരം; ഫ്രാൻസിനും ഇത് വലിയ ആശ്വാസം
Football
തിരുമ്പി വന്തുട്ടേന് സൊല്ല്; പഴയ ഫോമിലേക്ക് തിരിച്ചെത്തി ബാഴ്സലോണ താരം; ഫ്രാൻസിനും ഇത് വലിയ ആശ്വാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th October 2022, 1:12 pm

കഴിഞ്ഞ സീസണിൽ മോശം ഫോമിലായിരുന്നു ബാഴ്സലോണയുടെ സൂപ്പർതാരം ഉസ്മാൻ ഡെംബെലെ. വിടാതെ പിന്തുടർന്ന പരിക്കും പെർഫോമൻസിലെ പാളിച്ചകളും താരത്തിന്റെ കരിയറിനെ കാര്യമായി ബാധിച്ചിരുന്നു.

ഡെംബെലെയെ പുറത്താക്കുന്നതിനെ കുറിച്ച് പോലും ബാഴ്സ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ബാഴ്സയിലേക്ക് സൂപ്പർ കോച്ച് സാവി ഹെർണാണ്ടസ് എത്തിയതോടെ ഡെംബലെക്ക് നല്ല കാലം വരികയായിരുന്നു.

സാവി ക്യാമ്പ് നൗവിൽ ചുമതല ഏറ്റെടുത്തതോടെ ​ഫ്രഞ്ച് താരം മികച്ച പ്രകടനം പുറത്തെടുത്തു തുടങ്ങി.

കഴിഞ്ഞ ദിവസം സ്‌പോട്ടിഫൈ ക്യാമ്പ് നൗവിൽ അത്‌ലറ്റിക് ബിൽബാവോക്കെതിരെയുള്ള മത്സരത്തിൽ മൂന്ന് അസിസ്റ്റുകളും ഒരു ഗോളും സംഭാവന ചെയ്ത ഡെംബെലെ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ബാഴ്സയുടെ നാല് ഗോൾ വിജയത്തിൽ ഡെംബെലെ ഒരു ആക്രമണാത്മക മാസ്റ്റർക്ലാസ് സൃഷ്ടിച്ചു. സെർജി റോബർട്ടോ, റോബർട്ട് ലെവൻഡോസ്‌കി, ഫെറാൻ ടോറസ് എന്നിവരുടെ ഗോളുകൾക്കാണ് ഡെംബലെ അസിസ്റ്റ് ചെയ്തത്.

മത്സരത്തിന്റെ 12ാം മിനിറ്റിൽ ലെവൻഡോസ്‌കിയുടെ അസിസ്റ്റിലാണ് ഡെംബെലെ ബാഴ്‌സയുടെ സ്‌കോർ ബോർഡ് തുറന്നത്. പിന്നീട് 6 മിനിട്ടുകൾക്ക് ശേഷം ഡെംബെലെയും റോബർട്ടോയും തമ്മിൽ നടത്തിയ വൺ ടു വൺ മൂവ്മെന്റ് ഫലം കാണുകയായരുന്നു.

18-ാം മിനിട്ടിൽ ഡെംബെലെയുടെ സഹായത്തോടെ റോബർട്ടോ ബാഴ്‌സലോണയുടെ ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിട്ടിനുള്ളിൽ ബാഴ്‌സലോണ മൂന്നാം ഗോൾ കണ്ടെത്തി.

ഡെംബെലെയുടെ പാസ് എടുത്ത ലെവൻഡോസ്‌കി എതിർ പ്രതിരോധക്കാരനെ കബളിപ്പിച്ച് വലയിലെത്തിച്ചു.

73ാം മിനിട്ടിൽ ഡെംബെലെയുടെ ത്രൂ ബോൾ സ്വീകരിച്ച് ഫെറാൻ ടോറസ് ഗോൾ നേടി. ഇതോടെ മത്സരത്തിൽ ഉസ്മാൻ ഡെംബെലെ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടി ബാഴ്സയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

താരത്തിന്റെ തിരിച്ചുവരവ് ഫ്രാൻസിനും വലിയ ആശ്വാസം നൽകും. ഖത്തർ ലോക കപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഉസ്മാൻ ഡെംബെലെയെ പോലുള്ള മുൻ നിര താരങ്ങളുടെ പരിക്ക് ടീമിൽ വലിയ ആശങ്കയായിരുന്നു സൃഷ്ടിച്ചിരുന്നത്.

എന്നാൽ താരം ഫോമിലേക്ക് തിരിച്ചെത്തിയത് ഫ്രഞ്ച് ടീമിനും ​ഗുണകരമാകും.

Content Highlights: Barcelona’s super player is back to his form; it also relieves the French team