പി.എസ്.ജി വിട്ട് ലയണല്‍ മെസി ഫ്രീ ഏജന്റായതിന് ശേഷം ബാഴ്‌സലോണ എഫ്.സിയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈനിങ് നടത്തുകയാണെന്ന തീരുമാനം അറിയിച്ചത്. ഇത് ബാഴ്‌സലോണ ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു.
മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെ മെസി ബാഴ്‌സലോണ പ്രസിഡന്റ് ലപോര്‍ട്ടയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരും മെസി തിരിച്ച് ബാഴ്‌സയിലേക്ക് പോകുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.
എന്നാല്‍ മെസി ഇന്റര്‍ മിയാമിയിലേക്ക് പോകുന്ന താരം തങ്ങളെ അറിയിക്കാനാണ് ഹോര്‍ഗെ മെസി അവിടെയെത്തിയതെന്നും ഇരുകൂട്ടരും ഒരു ധാരണയിലെത്തി പിരിയുകയായിരുന്നു എന്നുമാണ് ബാഴ്‌സലോണ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. അതേസമയം, ക്ലബ്ബുമായി സൈനിങ് നടത്താന്‍ ബാഴ്‌സലോണ തനിക്കിതുവരെ ഔദ്യോഗിക ഓഫര്‍ ലെറ്ററുകള്‍ അയച്ചിരുന്നില്ലെന്ന് മെസി പറഞ്ഞിരുന്നു.
തന്നെ തിരിച്ചെടുക്കണമെങ്കില്‍ ബാഴ്‌സലോണക്ക് നിരവധി താരങ്ങളെ വില്‍ക്കേണ്ടി വരുമെന്നും താരങ്ങളുടെ വേതനം വെട്ടിക്കുറക്കേണ്ടി വരുമെന്നും കേട്ടിരുന്നെന്നും തനിക്കതിനോട് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാഴ്‌സയില്‍ നേരത്തെ അഭിമുഖീകരിച്ച പ്രതിസന്ധികളിലൂടെ ഒരിക്കല്‍ കൂടി കടന്നുപോകരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും മെസി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെസി തന്നെയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എം.എല്‍.എസ് ക്ലബ്ബുമായി സൈന്‍ ചെയ്യുക.
മെസി ബാഴ്സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Highlights: Barcelona reveals what did Jorge Messi inform Laporta