| Friday, 27th January 2023, 6:42 pm

ടെലിവിഷന്‍ ചാനല്‍ വിറ്റ് ബാഴ്‌സ പണം സ്വരൂപിക്കുന്നത് മെസിയെ ക്ലബ്ബിലെത്തിക്കാന്‍? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

അപ്രതീക്ഷിതമായാണ് സൂപ്പര്‍താരം ലയണല്‍ മെസി ബാഴ്‌സലോണ വിട്ടത്. താരത്തെ നിലനിര്‍ത്താന്‍ ബാഴ്‌സക്ക് കഴിയാതിരുന്നതിന്റെ പ്രധാന കാരണം ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. മെസിയെ മാത്രമല്ല, മറ്റു ചില താരങ്ങളെയും ആ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബാഴ്സക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു. ബാഴ്‌സ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്സലോണ നിരവധി സൈനിങ്ങുകള്‍ നടത്തിയിട്ടുണ്ട്. ക്ലബിന്റെ പല ആസ്തികളുടെയും ഒരു ഭാഗം നിശ്ചിതകാലത്തേക്ക് വില്‍പന നടത്തി അതില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് ബാഴ്‌സ താരങ്ങളെ സ്വന്തമാക്കിയത്.

നാല് ഘട്ടങ്ങളായാണ് ഈ സാമ്പത്തിക നയം ബാഴ്സലോണ നടപ്പിലാക്കിയത്. ഇപ്പോള്‍ അതിന്റെ അഞ്ചാമത്തെ ഘട്ടത്തിനായി ബാഴ്സ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ക്ലബിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ബാഴ്സ ടി.വി വില്‍ക്കാനാണ് ബാഴ്സലോണയുടെ പുതിയ പദ്ധതി. നിലവില്‍ ഈ ചാനല്‍ ബാഴ്സലോണയുടെ നഷ്ടങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

ക്ലബ്ബിലെ സീനിയര്‍ ടീമില്‍ സ്ഥിരമായി കളിക്കുന്ന താരങ്ങളില്‍ പലരെയും ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്‌സക്ക് സാധിച്ചിട്ടില്ല. അതിനുവേണ്ടിയാണ് ബാഴ്‌സയുടെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ബാഴ്‌സയുടെ മുന്‍ താരവും ലോക ചാമ്പ്യനുമായ ലയണല്‍ മെസിയെ ക്ലബ്ബിലേക്ക് തിരികെയെത്തിക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. കാറ്റലൂണിയ സെറിന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, 2021ല്‍ എഫ്.സി ബാഴ്സലോണയില്‍ നിന്ന് പുറത്ത് പോരേണ്ടി വന്നതിന്റെ ദുഃഖം മെസിയില്‍ ഇപ്പോഴും ഉണ്ടെന്നും ബാഴ്സലോണ പ്രസിഡന്റായ ലപോര്‍ട്ടയുടെ പെരുമാറ്റമാണ് ക്ലബ്ബില്‍ നിന്ന് താരത്തിന്റെ പുറത്താകലിന് വഴി തെളിച്ചതെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ട് ബാഴ്സലോണയിലേക്ക് ലയണല്‍ മെസി തിരികെ എത്തില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ സ്പാനിഷ് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിന് വേണ്ടിയാണ് മെസി ബൂട്ടുകെട്ടുന്നത്. ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കുകയാണ്.

പി.എസ്.ജി മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ലോകകപ്പ് കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്നായിരുന്നു മെസി പറഞ്ഞിരുന്നത്. എന്നാല്‍ മെസി ഇതുവരെ സൈനിങ്ങിനെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Content Highlights: Barcelona reportedly considers selling Barca TV to solve financial crisis

We use cookies to give you the best possible experience. Learn more