ബാഴ്സലോണയുടെ ബ്രസീലിയൻ മുന്നേറ്റ നിര താരമാണ് റാഫീഞ്ഞ. ലീഡ്‌സ് യുണൈറ്റഡിൽ നിന്നും കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയിലെത്തിയ താരത്തിന് ഇതുവരേക്കും ആരാധകരെയും ക്ലബ്ബ് മാനേജ്മെന്റിനേയും തൃപ്തിപ്പെടുത്താൻ സാധിച്ചില്ല.
സ്പോർട്സ് വെബ്സൈറ്റായ ഡയ്റിയോ ഗോളിന്റെ റിപ്പോർട്ട് അനുസരിച്ച് അടുത്ത സീസണിലേക്കായി ടീമിൽ വിപുലമായ അഴിച്ചുപണിക്കാണ് ബാഴ്സ ശ്രമിക്കുന്നത്. സാവിയുടെ കളി ശൈലിക്ക് അനുസരിച്ച് താരങ്ങളെ ടീമിലേക്ക് എത്തിക്കാനും ടീമിൽ നിന്നും ഒഴിവാക്കാനും ബാഴ്സ ശ്രമിക്കുന്നതായി ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
അടുത്ത സീസണിലേക്ക് ബാഴ്സ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്ന സ്‌ക്വാഡിൽ റാഫീഞ്ഞക്ക് ഇടമില്ല എന്നാണ് പ്രസ്തുത റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.
25 കാരനായ ബ്രസീലിയൻ താരം ഇതുവരെ 25 മത്സരങ്ങളിലാണ് ഈ സീസണിൽ ബാഴ്സയുടെ ജേഴ്സിയിൽ മത്സരത്തിനിറങ്ങിയത്. അതിൽ നിന്നും നാല് ഗോളുകൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു.
തുടർന്നുള്ള മത്സരങ്ങളിലും റാഫീഞ്ഞക്ക് ഗോളടിമികവ് തുടരാൻ സാധിച്ചില്ലെങ്കിൽ റാഫീഞ്ഞ ടീമിന് പുറത്താകും എന്നാണ് ബാഴ്സയുമായി ബന്ധപ്പെട്ട ഉന്നത വൃന്തങ്ങൾ സൂചിപ്പിക്കുന്നത്. റാഫീഞ്ഞക്ക് പകരക്കാരനായി വിയ്യാറയൽ ഫോർവേഡ് ജെറാർഡ് മോറിഞ്ഞോയെ ടീമിലെത്തിക്കാൻ ബാഴ്സ ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
100 മില്യൺ യൂറോയാണ് റാഫീഞ്ഞക്കായി ബാഴ്സ മുന്നോട്ട് വെക്കുന്ന റിലീസ് ക്ലോസ്. ആ തുകയ്ക്ക് റാഫീഞ്ഞോയെ വിറ്റ് പുതിയ താരത്തെ ടീമിലെത്തിക്കലാണ് ബാഴ്സയുടെ പദ്ധതി.
ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്ക് റാഫീഞ്ഞോയെ സ്വന്തമാക്കാൻ പദ്ധതികളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.