സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണ. യൂറോപ്പിലെ തന്നെ ഏറ്റവും ശക്തരായ ക്ലബ്ബ് എന്ന് വിളിപ്പേരുള്ള റയലിന്റെ അപ്രമാധിത്യം തകർത്താണ് ബാഴ്സ ലീഗിൽ തങ്ങളുടെ തേരോട്ടം തുടരുന്നത്.
ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പാ ലീഗിൽ നിന്നും പുറത്തായ ക്ലബ്ബിന് ലാ ലിഗ കിരീടം സ്വന്തമാക്കേണ്ടത് അഭിമാന പ്രശ്നമാണ്.
എന്നാലിപ്പോൾ ആവശ്യമായ ഫണ്ട് കൈവശമില്ലാത്തതിനാൽ തങ്ങളുടെ മെയിൻ ടീമിൽ നിന്നും രണ്ട് താരങ്ങളെ വിറ്റ് ഇറ്റാലിയൻ ലീഗിൽ നിന്നുമൊരു താരത്തെ സൈൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്സലോണ എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.
കാൽസിയോമെർക്കാറ്റോയാണ് ബാഴ്സ മെയിൻ ടീമിലെ താരങ്ങളെ ഒഴിവാക്കി യുവന്റസിൽ നിന്നും താരത്തെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഒസ്മാൻ ഡെമ്പലെ, ഫെറാൻ ടോറസ് എന്നീ താരങ്ങളെ വിറ്റ് പകരം ഫെഡ്രിക്കോ കിയേസയെ ടീമിലെത്തിക്കാനാണ് ബാഴ്സയുടെ ശ്രമം എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.
ചെൽസിയുടെ ടാർഗറ്റായ കിയേസയെ എത്രയും പെട്ടെന്ന് ക്ലബ്ബിലെത്തിക്കുന്നതിന്റെ ഭാഗമായാണ് മെയിൻ ടീമിലെ താരങ്ങളെ വിൽക്കാൻ ബാഴ്സ തയ്യാറാവുന്നത് എന്നാണ് റിപ്പോർട്ടുകൾ.
55 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്സ ടോറസിനെ ക്ലബ്ബിലേക്കെത്തിച്ചത്.
2024 വരെ ബാഴ്സയിൽ കരാറുള്ള ഡെമ്പലെയും ബാഴ്സലോണയുടെ സ്വപ്‍ന സൈനിങ്ങായിരുന്നു.
സീരി എയിൽ സാമ്പത്തിക പ്രതിസന്ധികളെ തുടർന്നുള്ള പ്രശ്നങ്ങൾ മൂലമാണ് യുവന്റസ് സൂപ്പർ താരമായ ഫെഡ്രിക്കോ കിയേസയെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നും കാൽസിയോമെർക്കാറ്റോയുടെ റിപ്പോട്ടിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം ലാ ലിഗയിൽ നിലവിൽ 25 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 65 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.