| Monday, 25th July 2022, 11:59 pm

ഈ ഉപാധികളില്‍ നില്‍ക്കാന്‍ പറ്റുമെങ്കില്‍ നിന്നാല്‍ മതി; യുവതാരത്തിന് മുന്നില്‍ ഉപാധി വെച്ച് സാവി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചുകാലത്തെ മോശം പ്രകടനത്തിന് ശേഷം ഈ സീസണില്‍ തിരിച്ചുവരാനൊരുങ്ങുന്ന ടീമാണ് ബാഴ്‌സലോണ. ടീമിനാവശ്യമുള്ള മികച്ച താരങ്ങളെ ടീമില്‍ എത്തിക്കാനും ആവശ്യമില്ലാത്തവരെ ടീമില്‍ നിന്നും പുറത്താക്കാനുമൊക്കെ ബാഴ്‌സ ശ്രമിക്കുന്നുണ്ട്.

ടീമിന്റെ കഴിഞ്ഞ സീസണുകളിലെ പ്രധാന താരമാണ് ഫ്രങ്ക് ഡി ജോങ്. അദ്ദേഹത്തിന് ബാഴ്‌സയില്‍ തന്നെ തുടരാനാണ് താല്‍പര്യം. വരുന്ന സീസണില്‍ ടീമില്‍ തുടരാന്‍ മധ്യനിര താരമായ ഫ്രങ്ക് ഡി ജോങിനു മുന്നില്‍ ഉപാധി വെിരിക്കുകയാണ് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. കാറ്റലന്‍ ക്ലബ്ബില്‍ തന്നെ തുടരാന്‍ ഡച്ച് താരം നിലവിലെ പ്രതിഫലം വെട്ടിക്കുറക്കാന്‍ തയ്യാറാകണമെന്നാണ് സാവി ആവശ്യപ്പെട്ടത്. ഇതിനു പുറമെ സെന്റര്‍ ബാക്കായി താരത്തെ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരമാണ് ഡി ജോങ്. ബാഴ്സയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ ട്രാന്‍സ്ഫറില്‍ ധാരണ ആയെങ്കിലും നെതര്‍ലാന്‍ഡ്സ് താരം അതിനു സമ്മതം മൂളിയിട്ടില്ല. അദ്ദേഹത്തിന് ബാഴ്‌സയില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് ബാഴ്സലോണ ഏതാനും താരങ്ങളെ സമ്മറില്‍ ടീമിന്റെ ഭാഗമാക്കിയെങ്കിലും അവരുടെ രജിസ്ട്രേഷന്‍ പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ നിലവിലെ വേതന ബില്‍ കുറക്കേണ്ടത് അത്യാവശ്യമാണ്. പ്രതിഫലം കുറക്കാന്‍ ഡി ജോങ്ങിനോട് ഈ സാഹചര്യത്തിലാണ് സാവി ആവശ്യപ്പെട്ടതെന്ന് എ.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിഭയുള്ള മധ്യനിര താരമാണെങ്കിലും ബാഴ്സലോണയില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ഡി ജോങ്ങിന് കഴിഞ്ഞിട്ടില്ല. 2022-23 സീസണില്‍ മുപ്പതു മില്യണ്‍ യൂറോ പ്രതിഫലം പറ്റാനിരിക്കുന്ന താരത്തിന്റെ പ്രതിഫലം കുറയ്ക്കണമെന്ന വാദം ബാഴ്സ ഉയര്‍ത്തുന്നത് സ്ഥിരതയില്ലാത്ത പ്രകടനം കൂടി ചൂണ്ടിക്കാട്ടിയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിഫലം വീണ്ടും വെട്ടിക്കുറയ്ക്കാന്‍ ഡി ജോങ് സാവിയോട് സമ്മതം അറിയിച്ചിട്ടുണ്ട്. അത് സംഭവിച്ചാല്‍ ഡി ജോങ് ക്ലബ്ബില്‍ തന്നെ തുടരാനും ബാഴ്സലോണ പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാനും വഴിയൊരുക്കും.

Content Highlights: Barcelona Put instructions to Frankie  Djong

We use cookies to give you the best possible experience. Learn more