| Friday, 14th October 2022, 11:20 pm

ബാഴ്‌സലോണ മെസിയുമായി കൂടിക്കാഴ്ച നടത്തുന്നു; താരം ബാഴ്‌സയിൽ സൈൻ ചെയ്യുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയുമായുള്ള കരാർ അവസാനിച്ചാൽ ലയണൽ മെസി അവിടെ തന്നെ തുടരുമോ അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്ന വിഷയത്തിൽ കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്.

ഒരു വശത്ത് താരവുമായുള്ള കരാർ പുതുക്കാൻ പി.എസ്.ജി തയ്യാറെടുത്തിരിക്കുമ്പോൾ മറുവശത്ത് ബാഴ്‌സലോണ താരത്തിന്റെ തിരിച്ചു വരവും കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ താരത്തെ തിങ്കളാഴ്ച നേരിട്ട് കാണുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ബാഴ്‌സ പ്രസിഡന്റ് യോൻ ലപോർട്ട. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ട ലയണൽ മെസിക്ക് അർഹിക്കുന്ന ആദരവ് നൽകുന്നതിന്റെ ഭാഗമായി താരത്തോടു സംസാരിക്കുമെന്ന സൂചനകളും ലപോർട്ട നൽകി. പാരീസിൽ വെച്ചു നടക്കുന്ന ബാലൺ ഡി ഓർ ചടങ്ങിൽ വെച്ചാണ് മെസിയെ കാണുകയെന്നാണ് ലപോർട്ട അറിയിച്ചത്.

2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ബാഴ്‌സയിലെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസി ക്ലബ്ബ് വിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോയതിനാൽ മെസിക്ക് പുതിയ കരാർ നൽകാൻ ബാഴ്സലോണയ്ക്ക് കഴിയാത്തതിനെ തുടർന്നായിരുന്നു പടിയിറക്കം.

തങ്ങളുടെ ഇതിഹാസ താരത്തിനോടുള്ള ആദരസൂചകമായി മെസിയുടെ പ്രതിമ ക്യാമ്പ് ന്യൂവിൽ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മെസിയെ കാണുമെന്നും ലപോർട്ട പറഞ്ഞത്.

ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസിക്ക് അർഹിക്കുന്ന ആദരവ് നൽകാൻ തങ്ങൾ വേണ്ടതു ചെയ്യുമെന്നും ഈ ഞായറാഴ്ച ബാഴ്സലോണയിൽ മെസി അരങ്ങേറ്റം നടത്തിയതിന്റെ പതിനെട്ടാം വാർഷികമായത് കൊണ്ട് കാര്യമായി തന്നെ എന്തെങ്കിലും ചെയ്യുണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മെസിയെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുമോയെന്ന കാര്യത്തിൽ ലപോർട്ട പ്രതികരണമൊന്നും നടത്തിയില്ല.

Content Highlights: Barcelona president will meet Lionel Messi on Sunday to discuss about his signing

We use cookies to give you the best possible experience. Learn more