അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിയെ അടുത്ത സീസണില്‍ ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ട.
ബാഴ്‌സ ലാ ലിഗയില്‍ ചാമ്പ്യന്‍മാരായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസിയെ തങ്ങള്‍ക്ക് വേണമെന്നും ബാഴ്‌സ അദ്ദേഹത്തിന്റെ വീടാണെന്നും ലാപോര്‍ട്ട പറഞ്ഞു. ജിജന്റസ് എഫ്.സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മെസിയുടെ കാര്യത്തില്‍ ഞങ്ങള്‍ ഇനിയും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. എന്നാലും ഒരു ഉറപ്പ് എനിക്ക് നല്‍കാനാകും, മെസിയെ എത്തിക്കാനുള്ള പരമാമാവധി ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തും,’ എന്നാണ് ലാപോര്‍ട്ട പറഞ്ഞത്.
ഏറെ കാലത്തെ കിരീട വരള്‍ച്ചക്ക് ശേഷം ലാ ലീഗ ചാമ്പ്യന്‍മാരായി വിജയ വഴിയില്‍ തിരിച്ചെത്തിയ സമയത്താണ് ഒഫീഷ്യല്‍ സൈഡില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം വരുന്നതെന്നത് ശ്രദ്ധേയമാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എസ്പാന്യോളിനെ തകര്‍ത്തുവിട്ടതോടെയാണ് ബാഴ്സലോണ ലാ ലീഗ കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിട്ടത്. 2018ന് ശേഷമുള്ള ബാഴ്സയുടെ ആദ്യ ലാ ലീഗ കിരീടനേട്ടമാണിത്, മെസി ടീം വിട്ടതിന് ശേഷമുള്ള ആദ്യത്തേതും.
Joan Laporta: “We saved the club. Economically and in the sporting sense too, we are winning important titles. We brought joy back to the fans.” pic.twitter.com/Dww40Tiq8W
ലീഗില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെയാണ് ബാഴ്സലോണ കിരീടത്തില്‍ മുത്തമിട്ടത്. 34 മത്സരത്തില്‍ നിന്നും 27 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമുള്‍പ്പെടെ 85 പോയിന്റ് നേടിയതിന് പിന്നാലെയാണ് ബാഴ്സ കിരീടമുറപ്പിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ച നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ വിജയം. എസ്പാന്യോളിനെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ കിരീടം നേടാമെന്ന പ്രതീക്ഷയോടെയായിരുന്നു ബാഴ്സ എതിരാളികളുടെ തട്ടകത്തിലേക്കിറങ്ങിയത്.