| Friday, 18th October 2024, 12:53 pm

ലെവന്‍ഡോസ്‌കിയുടെ കരാര്‍ നീട്ടണമെങ്കില്‍ അത് സംഭവിക്കണം; വ്യക്തമാക്കി ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

സീസണില്‍ മികച്ച പ്രകടനം നടത്തിയാണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ കുതിക്കുന്നത്. ലാ ലിഗയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചാണ് ബാഴ്‌സ സമഗ്രാധിപത്യം തുടരുന്നത്.

പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ മികച്ച ഫോമും ബാഴ്‌സയുടെ വിജയത്തില്‍ നിര്‍ണായകമാണ്. ഒമ്പത് മത്സരത്തില്‍ നിന്നും പത്ത് ഗോളുമായാണ് ലെവന്‍ഡോസ്‌കി ബാഴ്‌സയുടെ പ്രകടനത്തെ അമരത്ത് നിന്നും നയിക്കുന്നത്.

ബയേണ്‍ മ്യൂണിക്കില്‍ നിന്നും 2022-23 സീസണിലാണ് ലെവ ബാഴ്‌സയുടെ തട്ടകത്തിലെത്തുന്നത്. 2025-26 വരെയുള്ള കരാറിലാണ് താരം ബാഴ്‌സയിലെത്തുന്നത്.

ടീമിനൊപ്പം ചേര്‍ന്ന ആദ്യ സീസണില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. ബ്ലൂഗ്രാനയ്ക്കായി എല്ലാ മത്സരങ്ങളില്‍ നിന്നുമായി 33 ഗോളും താരം സ്വന്തമാക്കി. സാവിക്ക് കീഴില്‍ ബാഴ്‌സ ലാലിഗ കിരീടമണിഞ്ഞപ്പോള്‍ അതില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്.

എന്നാല്‍ അടുത്ത സീസണില്‍ ചെറുതായെങ്കിലും താരത്തിന്റെ പ്രകടനത്തില്‍ മങ്ങലേറ്റു. 2014-15 സീസണിന് ശേഷം താരം ഏറ്റവും കുറവ് ഗോള്‍ നേടിയ സീസണായിരുന്നു ഇത്. 26 ഗോള്‍ മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

എന്നാല്‍ ഹാന്‍സി ഫ്‌ളിക്കിന് കീഴില്‍ ലെവ വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

2025-26 വരെ ലെവയുമായി ബാഴ്‌സക്ക് കരാറുണ്ടെങ്കിലും ഈ സീസണോടുകൂടി താരത്തിന്റെ കരാര്‍ ടെര്‍മിനേറ്റ് ചെയ്യാനുള്ള ഓപ്ഷനും ബാഴ്‌സക്ക് മുമ്പിലുണ്ട്.

എന്നാല്‍ താരത്തിന്റെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക അപ്‌ഡേറ്റുകളാണ് ബാഴ്‌സ പ്രസിഡന്റ് ജോവാന്‍ ലപ്പോര്‍ട്ട നല്‍കുന്നത്. താരം ഈ ക്യാംപെയ്‌നില്‍ 50 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ കരാര്‍ നീട്ടുമെന്നാണ് ലപ്പോര്‍ട്ട പറയുന്നത്.

’50 ശതമാനം മത്സരങ്ങളിലെത്തിയാല്‍ ഉടന്‍ തന്നെ ലെവന്‍ഡോസ്‌കിയുടെ കരാര്‍ നീട്ടും. ഇത് അവനുമായുള്ള കരാറില്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്,’ ലപ്പോര്‍ട്ട പറയുന്നു.

നേരത്തെ അലാവസിനെതിരായ മത്സരത്തിലെ ഹാട്രിക് നേട്ടത്തോടെ ഈ സീസണില്‍ ലാ ലിഗയിലെ തന്റെ ഗോള്‍ നേട്ടം പത്തായി ഉയര്‍ത്താനും ലെവന്‍ഡോസ്‌കിക്ക് സാധിച്ചിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ലെവന്‍ഡോസ്‌കി സ്വന്തമാക്കി.

ലാ ലിഗയിലെ ഒരു സീസണിലെ ആദ്യ പത്ത് മത്സരത്തില്‍ നിന്നും പത്തോ അതിലധികമോ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് ലെവയെ തേടിയെത്തിയത്. സീസണില്‍ താരത്തിന്റെ പത്താം ലാ ലിഗ ഗോളാണിത്.

ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് താരമാണ് ലെവന്‍ഡോസ്‌കി. ഇതിഹാസ താരങ്ങളായ മെസിയും റൊണാള്‍ഡോയും മാത്രമാണ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

2014ലാണ് റൊണാള്‍ഡോയുടെ പേരില്‍ ഈ നേട്ടം കുറിക്കപ്പെട്ടത്. ആദ്യ പത്ത് മത്സരത്തില്‍ നിന്നും 16 തവണയാണ് താരം എതിരാളികളുടെ പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റിയത്.

2017ലാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ പത്ത് മത്സരത്തില്‍ നിന്നും 11 ഗോളുകളാണ് അര്‍ജന്റൈന്‍ ലെജന്‍ഡ് ബാഴ്സ ജേഴ്സിയില്‍ സ്വന്തമാക്കിയത്.

ഒക്ടോബര്‍ 21നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ സെവിയ്യയാണ് എതിരാളികള്‍.

Content highlight: Barcelona president Joan Laporta about Robert Lewandowski’s contract

We use cookies to give you the best possible experience. Learn more