| Sunday, 11th June 2023, 9:49 am

'ഒരിക്കല്‍ ഒരു ചാമ്പ്യന്‍ എല്ലായിപ്പോഴും ചാമ്പ്യനായിരിക്കും'; സൂപ്പര്‍ കോച്ചിനെ വാനോളം പുകഴ്ത്തി ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെ വാനോളം പ്രശംസിച്ച് ബാഴ്‌സലോണ എഫ്.സി. ചാമ്പ്യന്‍സ് ലീഗിന് പുറമെ പെപ്പിന്റെ കീഴില്‍ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് ട്രോഫികളും തട്ടകത്തിലെത്തിക്കാന്‍ സിറ്റിക്ക് സാധിച്ചിരുന്നു. ഇതോടെ ഈ സീസണില്‍ ട്രെബിള്‍ എന്ന അപൂര്‍വ നേട്ടം കൊയ്തിരിക്കുകാണ് മാന്‍ സിറ്റി.

ഇംഗ്ലീഷ് ഫുട്‌ബോളില്‍ ട്രെബിള്‍ നേടുന്ന രണ്ടാമത്തെ ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടേത്. ജയത്തിന് പിന്നില്‍ തങ്ങളുടെ മുന്‍ പരിശീലകന്റെ തന്ത്രങ്ങളാണെന്നും അദ്ദേഹം എല്ലായിപ്പോഴും ഒരു ചാമ്പ്യനാണെന്നുമാണ് ബാഴ്‌സലോണ ഗ്വാര്‍ഡിയോളയെ പ്രശംസിച്ച് പറഞ്ഞത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ ബാഴ്‌സ തങ്ങളുടെ മുന്‍ കോച്ചിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോള്‍.

‘ഒരിക്കല്‍ ഒരു ചാമ്പ്യന്‍ എല്ലായിപ്പോഴും ചാമ്പ്യനാണ്’ എന്ന തലക്കെട്ട് നല്‍കി പെപ് ബാഴ്‌സലോണയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടം പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ബാഴ്‌സലോണ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചത്.

ചാമ്പ്യന്‍സ് ലീഗിന് പുറമെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി അഞ്ച് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ് എന്നിവയും പെപ്പിന് നേടാന്‍ സാധിച്ചു. ബാഴ്‌സലോണക്കായി രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും, മൂന്ന് ലാ ലിഗ ടൈറ്റിലുകളും രണ്ട് കോപ്പ ഡെല്‍ റേയുമാണ് ഗ്വാര്‍ഡിയോള നേടിയത്.

അതേസമയം, ഇസ്താന്‍ബുളിലെ അറ്റാതുര്‍ക്കില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ കന്നി കിരീടം നേടിയിരിക്കുകയാണ്. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ ജയം.

മത്സരത്തിന്റെ 68ാം മിനുട്ടില്‍ മധ്യനിര താരം റോഡ്രിയാണ് സിറ്റിക്കായി വിജയ ഗോള്‍ നേടിയത്. ഈ സീസണില്‍ പ്രീമിയര്‍ ലീഗും എഫ്.എ കപ്പും സ്വന്തമാക്കിയ സിറ്റി യു.സി.എല്‍ നേടിയതോടെ ട്രെബിള്‍ എന്ന അപൂര്‍വ നേട്ടം പേരിലാക്കിയിരിക്കുകയാണ്.

Content Highlights: Barcelona praise Pep Guardiola after the win in UEFA Champions league Final

We use cookies to give you the best possible experience. Learn more