| Wednesday, 19th October 2022, 12:06 pm

സാവി ക്ലബ്ബ് വിടുന്നു? മുന്‍ പരിശീലകനെ തിരിച്ച് വിളിക്കാനൊരുങ്ങി ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് ബാഴ്‌സലോണ ടീം പുറത്തെടുക്കുന്നത്. പരിശീലകനായ് സാവി ഹെര്‍ണാണ്ടസ് പല തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും നിരാശ മാത്രമാണ് ഫലം.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി തോല്‍വി നേരിടുന്നതിനെ തുടര്‍ന്ന് ശക്തമായ വിമര്‍ശനങ്ങളാണ് സാവിക്ക് നേരെ ഉയരുന്നത്. അതിനെതിരെ പ്രതികരിച്ച് അദ്ദേഹം തന്നെ രംഗത്ത് വന്നിരുന്നു.

താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും തന്റെ ഭാഗത്താണ് പിഴവെന്നോ തന്റെ പോരായ്മ കൊണ്ടാണ് ടീമിന് മെച്ചപ്പെടാന്‍ കഴിയാത്തതെന്നോ തോന്നിയാല്‍ അന്ന് ക്ലബ്ബ് വിടാന്‍ ഒരുക്കമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ സാവിയുടെ പരിശീലനത്തില്‍ ബാഴ്‌സ തൃപ്തരല്ലെന്നും അദ്ദേഹത്തിന് പകരം മറ്റൊരു പരിശീലകനെ നിയമിക്കാന്‍ ക്ലബ്ബ് പദ്ധതിയിടുകയാണെന്നുമുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2001 മുതല്‍ 50ലധികം കളികളില്‍ പരിശീലിപ്പിച്ചവരുടെ കണക്കെടുത്താല്‍ ഏറ്റവും മോശം പ്രകടനമാണ് സാവിയുടേതെന്നും 56 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയ ശതമാനമെന്നുമുള്ള വിരയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബാഴ്‌സയുടെ തീരുമാനം.

50 കളികളില്‍ 28 ജയവും, 11 സമനിലയും 11 തോല്‍വികളുമാണ് സാവിയുടെ പരിശീലനത്തിലുള്ള ബാഴ്‌സയുടെ സ്‌കോറിങ്.

സാവിക്ക് പകരക്കാരനായി മുന്‍ പരിശീലകന്‍ ലൂയിസ് എന്‍ റിക്വെയെ തിരിച്ചെത്തിക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സാവിയെ ഉടന്‍ പരിശീലക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യില്ലെന്നും ക്ലബ്ബിന്റെ പ്രകടനത്തില്‍ മികവ് കൊണ്ടുവരുന്നതില്‍ സാവി വീണ്ടും പരാജയപ്പെട്ടാലാകും ബാഴ്‌സ അന്തിമ തീരുമാനമെടുക്കുകയെന്നും റിപ്പോർട്ടിലുണ്ട്.

സ്പാനിഷ് മാധ്യമമായ എല്‍ നാഷണലിനെ ഉദ്ധരിച്ച് ഗോള്‍ ഡോട്ട് കോമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സ്‌പെയിൻ ദേശീയ ടീമിന്റെ പരിശീലകനായ ലൂയിസ് എൻ റിക്വെ നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് ശേഷം ക്ലബ്ബ് വിടുമെന്നുള്ള സൂചന നേരത്തെ ലഭിച്ചിരുന്നു.

അതിന് പിന്നാലെയാണ് എൻ റിക്വെയെ തിരിച്ചെത്തിക്കാൻ ബാഴ്‌സ താൽപര്യം പ്രകടിപ്പിച്ചത്.

എന്‍ റിക്വെയുടെ കീഴില്‍ ദേശീയ ടീമിനായി ക്ലബ്ബിലെ കൂടുതല്‍ താരങ്ങള്‍ കളിച്ചിട്ടുളളതിനാലും ശൈലി പരിചിതമായതിനാലും ബാഴ്‌സയിലേക്കുളള രണ്ടാം വരവില്‍ എന്‍ റിക്വെ പെട്ടെന്ന് പൊരുത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലബ്ബിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചില പ്രമുഖ താരങ്ങളെ സ്വന്തമാക്കാന്‍ ബാഴ്‌സ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബയേണ്‍ മ്യൂണിക്ക് ലെഫ്റ്റ് ബാക്കായ അല്‍ഫോന്‍സോ ഡേവിസിനെ ചുറ്റി പറ്റിയുളള അഭ്യൂഹങ്ങളാണ് ഇതില്‍ ശക്തം.

21 കാരനായ ഡേവിസിനായി റയല്‍ മാഡ്രിഡും രംഗത്തുണ്ട്. ഡേവിസിന് പുറമേ അത്‌ലറ്റിക്ക് ക്ലബ്ബിന്റെ പ്രതിരോധ താരം ഇനിഗോ മാര്‍ട്ടിനെസിനും ഇന്റര്‍ മിലാന്റെ മധ്യനിര താരം നിക്കോളോ ബാറെല്ല എന്നിവരാണ് ബാഴ്‌സയുടെ നോട്ടപ്പുളളികള്‍.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സിയിലുളള കാറ്റലന്‍ ക്ലബ്ബ് നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം നേടി നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ലാ ലിഗയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട് ബാഴ്സലോണ.

Content Highlights: Barcelona plans to bring new coach to the club

We use cookies to give you the best possible experience. Learn more