ബാഴ്‌സലോണ മാനേജര്‍ സാവി ഹെര്‍ണാണ്ടസ് പുതിയ താരത്തെ ടീമില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബാഴ്‌സയുടെ തന്നെ അണ്ടര്‍ 16 താരമായ ലാമിന്‍ യമാലിനെ ടീമിലേക്കെത്തിക്കാനൊരുങ്ങുന്നതായാണ് എല്‍ നാഷണല്‍ (El Nacional) റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലയണല്‍ മെസിയുടെ പിന്‍മുറക്കാരനെന്നും പുതിയ ലയണല്‍ മെസി എന്നുമൊക്കെയാണ് മാധ്യമങ്ങള്‍ യമാലിനെ വിശേഷിപ്പിക്കുന്നത്.
ബാഴ്‌സയുടെ അണ്ടര്‍ 16 ടീമിനൊപ്പം മികച്ച പ്രകടനമാണ് താരം നടത്തുന്നത്. താരത്തിന്റെ പ്രകടന മികവ് കാരണമാണ് സാവി ഫസ്റ്റ് ടീം ട്രെയ്‌നിങ്ങിനായി യമാലിനെ തെരഞ്ഞെടുത്തത്.
യമാല്‍ മാത്രമല്ല, മറ്റ് ചില അണ്ടര്‍ 16 താരങ്ങളെയും ഫസ്റ്റ് ടീം ട്രെയ്‌നിങ്ങിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌പെയ്‌നിന്റെ അണ്ടര്‍ 16 ദേശീയ ടീമിലെയും അംഗമാണ് യമാല്‍. ടീമിന് വേണ്ടി മികച്ച പ്രകടനമാണ് ഈ 15കാരന്‍ കാഴ്ചവെക്കുന്നത്.
മെസിയെ പോലെ ഇടതുകാലില്‍ മാന്ത്രികത ഒളിപ്പിച്ച റൈറ്റ് വിങ്ങറാണ് യമാല്‍. ഇക്കാരണം കൊണ്ടുകൂടിയാണ് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ പിന്‍മുറക്കാരന്‍ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതും.
എന്നാല്‍ ബാഴ്‌സലോണ സീനിയര്‍ ടീമിലെത്തിയപ്പോള്‍ മെസി കാഴ്ചവെച്ച പ്രകടനത്തിലേക്കെത്താന്‍ താരത്തിന് ഇനിയും ഏറെ ദൂരം താണ്ടേണ്ടിയിരിക്കുന്നു.
തന്റെ 17ാം വയസിലാണ് മെസി ബാഴ്‌സയുടെ സീനിയര്‍ ടീമിനായി അരങ്ങേറുന്നത്. 2004 മുതല്‍ പി.എസ്.ജിയില്‍ ചേരുന്ന കാലം വരെ സ്പാനിഷ് ജയന്റ്‌സിനൊപ്പം കളിച്ച മെസി, കറ്റാലന്‍മാരുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു.
അതേസമയം, മികച്ച പ്രകടനമാണ് ബാഴ്‌സ സീസണില്‍ കാഴ്ചവെക്കുന്നത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ അടക്കമുള്ള താരങ്ങളെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ടീമിലേക്കെത്തിച്ച ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിനും യോഗ്യത നേടിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് സിയിലാണ് ബാഴ്‌സ. ബയേണ്‍ മ്യൂണിക്ക്, ഇന്റര്‍ മിലാന്‍, വിക്ടോറിയ പ്ലസാനിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. സെപ്റ്റംബര്‍ എട്ടിന് വിക്ടോറിയയുമായിട്ടാണ് ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സയുടെ ആദ്യ മത്സരം.
Content Highlight: Barcelona manager Xavi is ready to bring the player known as new Messi star to the senior team