ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നേട്ടം കൊയ്യാനൊരുങ്ങി സ്പാനിഷ് ജയന്റ്‌സ് എഫ്.സി ബാഴ്‌സലോണ. അവസാന ദിവസത്തില്‍ രണ്ട് പ്രധാന താരങ്ങളെ ടീമിലെത്തിക്കാനാണ് ബാഴ്‌സ ഒരുങ്ങുന്നത്.
ടീമിലെ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ക്ലബ്ബിന് സാധിച്ചിരുന്നില്ല. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ തടസമായി നിന്നതും ക്ലബ്ബിന്റെ സാമ്പത്തിക ബാധ്യതകള്‍ തന്നെയായിരുന്നു.
എന്നാല്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കാര്യമായ നീക്കങ്ങള്‍ നടത്താന്‍ തന്നെയാണ് ബാഴ്‌സ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2022 ഖത്തര്‍ ലോകകപ്പില്‍ ചരിത്രം സൃഷ്ടിച്ച താരങ്ങളില്‍ ഒരാളായിരുന്നു മൊറോക്കോയുടെ സോഫിയന്‍ അരംബത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സെമിയില്‍ കടന്നപ്പോള്‍ മധ്യനിരയിലെ നിറഞ്ഞ സാന്നിധ്യമായി അരംബത്തുമുണ്ടായിരുന്നു.
താരത്തിനായി മൂന്ന് മില്യണ്‍ ലോണ്‍ ഓഫറായും 37 മില്യണ്‍ യൂറോയ്ക്ക് വാങ്ങാനും ഡെഡ്‌ലൈന്‍ ഡേയില്‍ ബാഴ്‌സ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് ഫാബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താരം ഈ കരാറില്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കായിക മാധ്യമമായ മാര്‍ക്കയും അരംബത്തിന്റെ ബാഴ്‌സ പ്രവേശനത്തെ കുറിച്ചുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.
മെംഫിസ് ഡീപേയുടെ കൊഴിഞ്ഞ് പോക്കും ഒസ്മാനെ ഡെംബാലെയുടെ പരിക്കും ഡെഡ്‌ലൈന്‍ ഡേയില്‍ അറ്റാക്കര്‍മാരുടെ പിന്നാലെ പോകാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഇ.എസ്.പി.എന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്തണി എലാങ്കക്ക് ഒരു ലോണ്‍ ഓഫര്‍ ബാഴ്‌സ നല്‍കിയേക്കും.
റാഷ്‌ഫോര്‍ഡും ആന്തണിയും ടീമിലുള്ളതിനാല്‍ എലാങ്കക്ക് വേണ്ടത്ര അവലരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇക്കാരണം കൊണ്ടുതന്നെ താരം മാഞ്ചസ്റ്റര്‍ വിടാന്‍ ഒരുങ്ങുകയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബാഴ്‌സ ഓഫറുമായി എത്തിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ സമ്മറില്‍ ബാഴ്സലോണയിലേക്ക് ചെക്കേറിയ ബ്രസീലിയന്‍ താരം റഫിന്യയെ ഡെഡ്‌ലൈന്‍ ഡേയില്‍ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ബാഴ്സലോണക്കായി ഇരുപത്തിയേഴു മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളും ഏഴ് അസിസ്റ്റുകളും മാത്രമാണ് താര്തതിന്റെ സമ്പാദ്യം. അതിനാല്‍ തന്നെ താരത്തെ വില്‍ക്കാന്‍ കറ്റാലന്‍മാര്‍ക്ക് താതപര്യമുണ്ടെന്നും വിവിധ കായികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Barcelona looking to sign Sofyan Armabat and Anthony Elanga in deadline day